നയന്‍താരയുടെ ‘കൊലൈയുതിര്‍ കാല’ത്തിന്റെ റിലീസ് ഹൈക്കോടതി തടഞ്ഞു

പേരിനെച്ചൊല്ലിയുള്ള പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്ന് നയന്‍താര പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം ‘കൊലൈയുതിര്‍ കാലം’ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. അന്തരിച്ച തമിഴ് എഴുത്തുകാരന്‍ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിര്‍ കാലം. ഈ നോവലിന്റെ പകര്‍പ്പവകാശം വാങ്ങിയ തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകനായ ബാലാജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി റിലീസ് തടഞ്ഞത്.

ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഉത്തരവ്. 21ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍മ്മാതാക്കളോട് കോടതി നിര്‍ദേശിച്ചു. ബോളിവുഡ് പ്രൊഡ്യൂസര്‍ വാഷു ബഗ്‌നാനി നിര്‍മ്മിക്കുന്ന ആദ്യ തമിഴ് ചിത്രമായ കൊലൈയുതിര്‍ കാലം സംവിധാനം ചെയ്യുന്നത് ചക്രി തൊലേറ്റിയാണ്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങിനിടെ നയന്‍താരയ്‌ക്കെതിരെ നടന്‍ രാധാരവി മോശം പരാമര്‍ശം നടത്തിയത് ഏറെ വിവാദമായിരുന്നു.