'കേസ് നല്‍കേണ്ടത് തൃഷയാണ്..'; മന്‍സൂര്‍ അലിഖാന് കോടതിയുടെ രൂക്ഷവിമര്‍ശനം!

നടി തൃഷയ്ക്കും തന്നെ വിമര്‍ശിച്ച താരങ്ങള്‍ക്കുമെതിരെ മാനനഷ്ടക്കേസ് നല്‍കിയ നടന്‍ മന്‍സൂര്‍ അലിഖാന് കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് നല്‍കേണ്ടത് തൃഷയാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. തൃഷ, ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്കെതിരെ ആയിരുന്നു മന്‍സൂര്‍ മാനനഷ്ടക്കേസ് നല്‍കിയത്.

ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു കേസ് ഫയല്‍ ചെയ്തത്. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.

‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു തൃഷയ്ക്കെതിരെ മന്‍സൂര്‍ അശ്ലീല പരാമര്‍ശം നടത്തിയത്. ലിയോയില്‍ തൃഷയാണ് നായികയെന്ന് അറിഞ്ഞപ്പോള്‍ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു നടന്‍ പറഞ്ഞത്.

ഇതിനെതിരെ തൃഷ തന്നെയാണ് ആദ്യം രംഗത്തെത്തിയത്. മന്‍സൂര്‍ അലിഖാന്റെ കൂടെ ഇനിയൊരിക്കലും അഭിനയിക്കില്ലെന്ന് തൃഷ വ്യക്തമാക്കിയിരുന്നു. പിന്നാലെ ലോകേഷ് കനകരാജ്, നടന്മാരായ ചിരഞ്ജീവി, നിതിന്‍, നടി മാളവിക മോഹനന്‍, ഗായിക ചിന്മയി തുടങ്ങിയവര്‍ തൃഷയ്ക്ക് പിന്തുണയുമായെത്തി.

Read more

സംഭവത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരേ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതില്‍ മന്‍സൂര്‍ അലിഖാന്‍ മാപ്പ് പറഞ്ഞെങ്കിലും പിന്നീട് താരം തൃഷയ്ക്കും ഖുശ്ബുവിനും ചിരഞ്ജീവിക്കുമെതിരെ രംഗത്തെത്തുകയായിരുന്നു.