200 കോടിയും കടന്ന് മലയാളത്തിന്റെ യാഗാശ്വം; പുലിമുരുഗനെയും പിന്നിലാക്കി ലൂസിഫര്‍!

ബോക്‌സ് ഓഫീസില്‍ ചരിത്രം രചിച്ച് മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫര്‍. ചിത്രം റിലീസ് ചെയ്ത് 50 ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ 200 കോടി കടന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സിനിമയുടെ ആഗോള കലക്ഷന്‍ തുകയാണിത്. ഇതോടെ 200 കോടി നേട്ടത്തിലെത്തുന്ന ആദ്യ മലയാള ചിത്രമായി ലൂസിഫര്‍.

മോഹന്‍ലാല്‍ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത  പുലിമുരുകന്‍ 150 കോടി കളക്ഷന്‍ നേടിയിരുന്നു. ഈ റെക്കോഡാണ് ലൂസിഫര്‍ മറികടന്നിരിക്കുന്നത്. വളരെ വേഗത്തിലായിരുന്നു ലൂസിഫറിന്റെ കോടി നേട്ടങ്ങള്‍ ആദ്യ 8 ദിവസങ്ങള്‍ കൊണ്ട് 100 കോടി നേടി ചിത്രം 13 ദിവസം കൂടി കഴിഞ്ഞ് 21ാം ദിവസത്തില്‍ എത്തിയപ്പോള്‍ 150 കോടി ഗ്രോസ്സ് കളക്ഷന്‍ നേടിയിരുന്നു.

മാര്‍ച്ച് 28 ന് റിലീസ് ചെയ്ത ചിത്രം സിനിമയുടെ അമ്പതാം ദിനമായ ഇന്നു മുതല്‍ ആമസോണ്‍ പ്രൈമിലും സ്ട്രീം ചെയ്തു തുടങ്ങി. വന്‍ വിജയം നേടിയ ഒരു മലയാളചിത്രം അമ്പതാം ദിനത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യപ്പെടുന്നത് ഇത് ആദ്യമായിരിക്കും. അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നെന്ന ചര്‍ച്ച സജീവമാണ്. “ലൂസിഫര്‍ 2” സംഭവിക്കും എന്ന സൂചനയാണ് അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതും.