ദുല്‍ഖര്‍ സല്‍മാന് വലിയ നഷ്ടമുണ്ടാക്കി; 'കുറുപ്പ്'; സാമ്പത്തിക തട്ടിപ്പ് നടത്തിയ തിയേറ്ററുടമകള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യവുമായി ഫിലിം ചേംബര്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് പ്രര്‍ശനത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ തിയേറ്റര്‍ ഉടമകള്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യം. ഇന്ന് ചേര്‍ന്ന ഫിലിം ചേംബര്‍ യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.50 ശതമാനം ആളുകള്‍ക്ക് പ്രവേശനം ഉള്ളപ്പോള്‍ ചില തിയേറ്ററുടമകള്‍ കൂടുതല്‍ ആളുകളെ തിയേറ്ററിനുള്ളില്‍ പ്രവേശിപ്പിച്ചു.

ഇത് സര്‍ക്കാറിനും നിര്‍മ്മാതാവിനും വലിയ നഷ്ടം ഉണ്ടാക്കി. ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നു.തിയേറ്ററുകളുടെ സിസിടിവി പരിശോധിക്കുവാനും തട്ടിപ്പു നടത്താതിരിക്കാന്‍ തിയേറ്ററുകളില്‍ ടിക്കറ്റ് മിഷന്‍ സ്ഥാപിക്കാനും തീരുമാനമായി. തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് ഫിയോക് സംഘടന അറിയിച്ചു.

കുറുപ്പ് 50 കോടി ക്ലബും കടന്നു മുന്നേറുകയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.

Read more

ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.