ദുല്‍ഖറിന് വഴിമാറി രജനി; കുറുപ്പിനായി തമിഴ്നാട്ടില്‍ അണ്ണാത്തെയുടെ ഫസ്റ്റ് ഷോ മാറ്റി വച്ചു

രജനികാന്ത് ചിത്രം അണ്ണാത്തെയുടെ പ്രദര്‍ശനം മാറ്റി തമിഴ്നാട്ടില്‍ ദുല്‍ഖറിന്റെ കുറുപ്പ് പ്രദര്‍ശിപ്പിച്ചു. തിരുന്നല്‍ വേലി ഗ്രാന്റ് മുത്തുറാം സിനിമാസിന്റെ ട്വിറ്റര്‍ പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായത്.

രജനികാന്ത് ചിത്രത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ളവര്‍ ടിക്കറ്റുമായി എത്തിയാല്‍ പണം തിരികെ നല്‍കുമെന്നും അല്ലെങ്കില്‍ അതേ ടിക്കറ്റ് ഉപയോഗിച്ച് കുറുപ്പ് കാണാമെന്നുമാണ് ട്വീറ്റില്‍ പറയുന്നത്.
കേരളത്തില്‍ 500ലധികം തീയേറ്ററുകളിലാണ് കുറുപ്പ് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ വൈകിട്ടായപ്പോഴേക്കും 550 സ്‌ക്രീനുകളിലേക്ക് എത്തുകയായരുന്നു.

റിലീസായി ആദ്യ ദിനത്തില്‍ ആറ് കോടിയിലധികം രൂപയാണ് സിനിമ കളക്ട് ചെയ്തത്. രണ്ടാം ദിനമായ ഇന്നും തീയേറ്ററിലേക്കുള്ള പ്രേക്ഷകരുടെ തള്ളിക്കയറ്റം തുടരുകയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.