ബലാത്സംഗം, കൈയേറ്റം, ഭീകരവാദം, 'കോട്ടയം' ഏറ്റെടുക്കുന്നത് ലിംഗ വിവേചനം കൂടി; ചിത്രം റിലീസിനൊരുങ്ങുന്നു

ബിനു ഭാസ്‌ക്കര്‍ ഒരുക്കുന്ന “കോട്ടയം” ജനുവരി 17-ന് തിയേറ്ററുകളിലെത്തും. മോണ്‍ട്രിയല്‍ ഫിലിം ഫെസ്റ്റിവലിലും രാജ്യാന്തര ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ച ശേഷമാണ് ചിത്രം കേരളത്തില്‍ റിലീസിനൊരുങ്ങുന്നത്. ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥയുടെ ദുരൂഹമരണവും തുടര്‍ന്നുള്ള കേസന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രശസ്ത സംവിധായകന്‍ സംഗീത് ശിവന്‍ ക്യാമറക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ലെനിന്‍ രാജേന്ദ്രന്റെ “മകരമഞ്ഞി”ല്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ സഹോദരന്‍ സന്തോഷ് ശിവനെ പോലെ അപ്രതീക്ഷിതമായാണ് കോട്ടയം എന്ന ചിത്രത്തിലേക്ക് സംഗീത് ശിവന്റെ വരവ്. പ്ലാന്റര്‍ മത്തച്ചന്‍ എന്ന കഥാപാത്രമായാണ് സംഗീത് ശിവന്‍ വേഷമിടുന്നത്. ചിത്രത്തിന്റെ പേര് കോട്ടയം എന്നാണെങ്കിലും ഇടുക്കി, തമിഴ്‌നാട്, അസം, ബംഗാള്‍, അരുണാചല്‍ എന്നീ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയിലൂടെയാണ് പ്രേക്ഷകനെ സിനിമ മുന്നോട്ടുകൊണ്ടുപോവുക.

കോട്ടയത്ത് നിന്നും ആരംഭിക്കുന്ന സത്യം തേടിയുള്ള യാത്രയാണ് ചിത്രത്തിനാധാരം. ഒരു റോഡ് മൂവിയുടെ സ്വഭാവമുള്ള ചിത്രം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്. കുടിയേറ്റങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കാരണം അന്വേഷിക്കുന്ന ചിത്രം സത്യം തേടിയുള്ള യാത്രയാണ് പറയുക. സംഗീത് ശിവന് പുറമേ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. “ദൃശ്യം”, ഗ്രാന്‍ഡ് മാസ്റ്റര്‍” എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനീഷ് മേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. അന്നപൂര്‍ണി ദേവരാജ, ഷഫീഖ്, നിസാന്‍, രവി മാത്യു, നിമ്മി റാഫേല്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Image may contain: 6 people, people smiling

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയ്‌ലറിനും സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിഗൂഢത നിറഞ്ഞ ട്രെയ്‌ലറില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ട്. നൈറ്റ് വോക്‌സിന്റെ ബാനറില്‍ സജിത് നാരായണനും ഭാര്യ നിഷ ഭക്തനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആല്‍ബിന്‍ ഡൊമനിക് സംഗീതമൊരുക്കുന്ന ചിത്രം എഫ് സെമികോളന്‍ പിക്‌ചേഴ്‌സും നൈറ്റ് വോക്‌സും ചേര്‍ന്നാണ് വിതരണം ചെയ്യുന്നത്.