ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ഇടപെട്ടു; കമലിനും ബീനാപോളിനും എതിരെ പരാതി

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനും വൈസ് ചെയര്‍ പേഴ്‌സണും എഡിറ്ററുമായ ബീനാ പോളിനുമെതിരെ പരാതി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ബന്ധുമിത്രാദികളെ മാത്രം പരിഗണിക്കുന്നതായി ആരോപിച്ച് ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ “മൈക്ക്” ആണ് പരാതി നല്‍കിയത്.

2019-ല്‍ കാര്‍ബണ്‍, ആമി എന്നി ചിത്രങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ചതിന് പിന്നില്‍ ഇതാണ്. സര്‍ക്കാര്‍ ഇടപെട്ട് ഇത്തരം നീക്കങ്ങളെ തടയണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. ക്യാമറാമാനും സംവിധായകനുമായ വേണുവിന്റെ ഫഹദ് ചിത്രമായ കാര്‍ബണ്‍ ആറ് പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. വേണു ബീനപോളിന്റെ ഭര്‍ത്താവ് കൂടിയാണ്. മാധവിക്കുട്ടിയുടെ കഥ പറഞ്ഞ കമല്‍ ചിത്രം ആമിക്ക് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ഇതില്‍ രണ്ടിലും ബീന പോളിന്റെയും കമലിന്റെയും ഇടപെടല്‍ നടന്നിട്ടുണ്ടെന്നും പരാതിയില്‍ വിശദമാക്കുന്നു.

സൂപ്പര്‍ താരങ്ങളുടെ ബിഗ്ബജറ്റ് സിനിമകള്‍ അടക്കമുളളവ ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം (പ്രിയദര്‍ശന്‍), ലൂസിഫര്‍(പൃഥ്വിരാജ്), ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയും (ജിബി കൊച്ചാപ്പു, ജോജു റാഫേല്‍) എന്നിവയും മമ്മൂട്ടിയുടെ മാമാങ്കം (എം.പത്മകുമാര്‍), ഉണ്ടയും (ഖാലിദ് റഹമാന്‍), പതിനെട്ടാം പടി (ശങ്കര്‍ രാമകൃഷ്ണന്‍) എന്നിവയാണ് മത്സരത്തിനുളളത്. 120 സിനിമകളാണ് പുരസ്‌കാരത്തിനായി സമര്‍പ്പിച്ചത്. ഇതില്‍ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഒരു സിനിമയെ തഴഞ്ഞു.