പബ്ബിലെ വാക്കുതര്‍ക്കം: നടി ലക്ഷ്മി മേനോന് എതിരായ കേസ് റദ്ദാക്കി

കൊച്ചിയിലെ പബ്ബിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോന് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ലക്ഷ്മി മേനോന്‍ ഉള്‍പ്പെടെയുള്ളവരും പരാതി നല്‍കിയവരും തമ്മില്‍ ഒത്തുതീര്‍പ്പായി എന്ന് അറിയിച്ചതോടെയാണ് കേസ് റദ്ദാക്കിയത്.

പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും കക്ഷികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നേരത്തെ കേസില്‍ മൂന്നാം പ്രതിയായ ലക്ഷ്മി മേനോന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പറവൂര്‍ സ്വദേശിയായ ഐടി ജീവനക്കാരനെ കാര്‍ തടഞ്ഞു തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു എന്നാണ് കേസ്.

ഓഗസ്റ്റ് 24ന് രാത്രി പബ്ബില്‍ വച്ച് പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപണമുണ്ടായിരുന്നു. ഐടി ജീവനക്കാരന്റെ കാര്‍ നടി അടക്കമുള്ളവര്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ലക്ഷ്മിയുടെ സുഹൃത്തുക്കള്‍ പരാതിക്കാരനെ വാഹനത്തില്‍ ബലമായി കയറ്റിക്കൊണ്ടു പോയി മര്‍ദിച്ചു എന്നായിരുന്നു കേസ്.

Read more