സൈക്കോളജിക്കല്‍ ത്രില്ലറുമായി കീര്‍ത്തി സുരേഷ്; ‘പെന്‍ഗ്വിന്‍’ റിലീസ് പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം

കീര്‍ത്തി സുരേഷ് നായികയാകുന്ന ‘പെന്‍ഗ്വിന്‍’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍പ്രൈം. കൊവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ‘പൊന്‍മകള്‍ വന്താല്‍’ എന്ന ജ്യോതിക ചിത്രത്തിന് പിന്നാലെ പെന്‍ഗ്വിനും ഒടിടി റിലീസിനൊരുങ്ങുന്ന വിവരം നേരത്തെ പുറത്തെത്തിയിരുന്നു.

പെന്‍ഗ്വിന്റെ ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടാണ് ചിത്രം ജൂണ്‍ 19ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ജൂണ്‍ 8ന് റിലീസ് ചെയ്യും. സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ നിഗൂഢമായ പോസ്റ്റര്‍ ചിത്രം ഏറെ സസ്‌പെന്‍സ് നിറഞ്ഞതാകും എന്നാണ് സൂചിപ്പിക്കുന്നത്.

കാര്‍ത്തിക് സുബ്ബരാജും സ്റ്റോണ്‍ ബെഞ്ച് ഫിലിംസും പാഷന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളെ കൂടാതെ മലയാളത്തിലും ചിത്രം മൊഴി മാറ്റിയെത്തും.