തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം; 'കാതൽ' വ്യാജ പതിപ്പ് ടെലഗ്രാമിൽ

റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾക്കുള്ളിൽ ജിയോ ബേബി- മമ്മൂട്ടി ചിത്രം കാതൽ വ്യാജ പതിപ്പ് പുറത്ത്. തിയേറ്ററിൽ നിന്നും പകർത്തിയ പതിപ്പാണ് ടെലഗ്രാമിൽ പ്രചരിക്കുന്നത്.

400 എംബി മുതൽ 1.5 ജിബി വരെയുള്ള ഫയലുകളാണ് ടെലഗ്രാം ചാനലുകളിൽ ഇപ്പോൾ പ്രചരിക്കുന്നത്. രണ്ട് ചാനലുകളിലായി 3000ലധികം ആളുകൾ ഇത് കണ്ടിട്ടുണ്ട്. കൂടുതൽ ചാനലുകളിലേക്ക് ഫോർവേഡ് ചെയ്യപ്പെട്ടതായും കാണിക്കുന്നു.

നവംബർ 23നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടു തന്നെ സിനിമ ഇതിനോടകം ചർച്ചകളിൽ ഇടം നേടിയിരുന്നു. ഗോവയിലെ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്.

ഫിലിം ഫെസ്റ്റിവൽ പ്രദർശനത്തിന് ശേഷം എന്തയാലും സിനിമയുടെ പ്രമേയം സാധാരണക്കാരനിലേക്ക് എത്തും എന്നുള്ളത് കൊണ്ട്തന്നെ ആദ്യം തിയേറ്റർ റിലീസ് വെച്ച അണിയറപ്രവർത്തകർ കയ്യടി അർഹിക്കുന്നുണ്ട്. സമീപകാലത്ത് പുറത്തിറങ്ങിയ നെയ്മർ, ആർഡിഎക്സ് എന്നീ സിനിമയ്ക്ക് തിരക്കഥയെഴുതിയ ആദർശ് സുകുമാരൻ പോൾസൺ സ്കറിയ എന്നിവരാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.