ദേശദ്രോഹികളേ, നിങ്ങളെ വാങ്ങാന്‍ ലക്ഷങ്ങളൊന്നും വേണ്ട, അറുപതു രൂപ മതി; മാധ്യമപ്രവര്‍ത്തകരുടെ ബഹിഷ്‌കരണത്തോട് പ്രതികരിച്ച് കങ്കണ; വീഡിയോ

പുതിയ ചിത്രം ജഡ്ജ്‌മെന്റല്‍ ക്യാ ഹെയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെ് നടി കങ്കണ റണാവത്ത് മാധ്യമ പ്രവര്‍ത്തകനോട് പൊതുവേദിയില്‍ മോശമായി പെരുമാറിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അതിന് പിന്നാലെ കങ്കണ മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്. വീഡിയോയിലൂടെയാണ് തന്നെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരെ താരം ആക്ഷേപിച്ചത്.

തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മാപ്പ് പറയില്ലെന്നും താരം വ്യക്തമാക്കി. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ തന്നെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും താരം പറഞ്ഞു. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരെ വാങ്ങാന്‍ ലക്ഷങ്ങളൊന്നും ചെലവാക്കേണ്ടെന്നും അറുപത് രൂപ മതിയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്‍ അല്ല ബോളിവുഡിലെ മികച്ച നടിയായും ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന നടിയായും താന്‍ മാറിയതെന്നും കങ്കണ വ്യക്തമാക്കി. എന്നാല്‍ തന്റെ കൂടെ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരോട് നന്ദി പറയാനും കങ്കണ മറന്നില്ല.