80 കോടി മുടക്കിയ ചിത്രം തിരിച്ചുകിട്ടിയത് വെറും മൂന്ന് കോടി; വീണ്ടും കങ്കണയ്ക്ക് തിരിച്ചടി

കങ്കണയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ് ധാക്കഡ് എന്ന പുതിയ ചിത്രം. മെയ് 20ന് റിലീസ് ചെയ്ത സിനിമ ഇതുവരെ നേടിയത് വെറും 3 കോടി രൂപയാണ്. എണ്‍പത് കോടിയാണ് ഈ സിനിമയുടെ മുതല്‍ മുടക്ക്.

ധാക്കഡ് തീയേറ്രറുകളിലെത്തി ആദ്യ ദിനം തന്നെ വളരെ മോശം അഭിപ്രായമായിരുന്നു ഉയര്‍ന്നത്. ധാക്കഡിനൊപ്പം റിലീസ് ചെയ്ത കോമഡി ചിത്രമായ ഭൂല്‍ ഭുലയ്യ 2 ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതുംസിനിമയ്ക്ക് തിരിച്ചടിയായി.

തുടര്‍ച്ചയായി കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ഇങ്ങനെ പരാജയപ്പെടുന്നത്. തുടര്‍ച്ചയായ ഇത്തരം പരാജയങ്ങള്‍ ബോളിവുഡില്‍ കങ്കണയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാമെന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്. ഇതിന് മുമ്പ് റിലീസ് ചെയ്ത കാട്ടി ബാട്ടി, രന്‍ഗൂണ്‍, മണികര്‍ണിക, ജഡ്ജ്‌മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകള്‍ ബോക്‌സോഫീസില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു.

റസ്‌നീഷ് റാസി സംവിധാനം ചെയ്ത ധാക്കഡ് സ്‌പൈ ത്രില്ലറാണ്. ഏജന്റ് അഗ്‌നി എന്ന കഥാപാത്രമായാണ് കങ്കണ എത്തിയത്. കങ്കണയും അര്‍ജുന്‍ രാംപാലും വളരെ ഭംഗിയായി തന്നെ അഭിനയിച്ചിട്ടുണ്ടെന്നും കഥാപാരമായി യാതൊന്നും ഇല്ലാത്തതാണ് ചിത്രത്തിന്റെ പരാജയത്തിന് കാരണമായതെന്നും തരണ്‍ ആദര്‍ശ് പറയുന്നു.