കാജോള്‍..നിങ്ങള്‍ ഷാരൂഖിന്റെ സുഹൃത്താണോ? ; ആര്യന്‍ ജയിലില്‍ കിടക്കുമ്പോള്‍ ദില്‍വാലെ വാര്‍ഷികം ആഘോഷിക്കാന്‍ എങ്ങനെ സാധിക്കുന്നെന്ന് ഷാരൂഖ് ആരാധകര്‍

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ നടി കജോളിനെതിരെ സോഷ്യല്‍മീഡിയയില്‍ ഷാരൂഖ് ആരാധകരുടെ കമന്റുകള്‍ നിറയുകയാണ്. ദില്‍വാലെ ദുല്‍ഹനിയ ലെ ജായേങ്കെയുടെ 26ാം വാര്‍ഷികം ആഘോഷിച്ച് കൊണ്ട് കജോള്‍ പങ്കുവെച്ച ട്വീറ്റാണ് ട്രോളുകള്‍ക്ക് കാരണം.

‘സഹപ്രവര്‍ത്തകനും കുടുംബവും ഏറെ സങ്കടം നിറഞ്ഞ ഒരു അവസ്ഥയിലൂടെ പോകുമ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കാതെ 26ാം വാര്‍ഷികം ആഘോഷിച്ച് നടക്കുകയാണോ?, ഇന്ന് തന്നെ ഇത് പോസ്റ്റ് ചെയ്യണോ? എന്ന തരത്തിലാണ് നടിക്കെതിരെയുള്ള ട്രോളുകള്‍.

 

അതേസമയം ഷാരൂഖ് ഖാന്‍ ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാനെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് മുംബൈ ആര്‍തര്‍റോഡ് ജയിലില്‍ ഷാരൂഖ് എത്തിയത്. കോവിഡ് 19 മഹാമരിയുടെ പശ്ചാത്തലത്തില്‍ ജയിലുകളില്‍ സന്ദര്‍ശനത്തിന് നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെയാണ് താരത്തിന്റെ ജയില്‍ സന്ദര്‍ശനം.

രണ്ട് കുടുംബാംഗങ്ങള്‍ക്ക് തടവുകാരനെ കാണാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോഴത്തെ ഇളവുകള്‍. ഇന്ന് മുതല്‍ ഇളവുകള്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഷാരൂഖ് ജയിലില്‍ എത്തിയത്. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. മുംബൈ പ്രത്യേക കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. ആര്യന് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി വിലയിരുത്തി.