പിന്തുണ പാര്‍വതിക്കല്ല, സിനിമയ്ക്ക്: ഡിസ് ലൈക്ക് ക്യാംപെയിനെതിരേ ജൂഡ് ആന്റണി; ഒരാളെ ഇഷ്ടമല്ലെന്ന് കരുതി ഒരു സിനിമയുടെ പാട്ടിന് പോയി ഡിസ് ലൈക്ക് ചെയ്യുന്നത് കാടത്തം

പാര്‍വതിയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൈ സ്റ്റോറിക്കെതിരേ സൈബറിടത്ത് നടക്കുന്ന ഡിസ് ലൈക്ക് ക്യാംപെയിനെതിരേ സംവിധായകന്‍ ജൂഡ് ആന്റണി. ഒരാളെ ഇഷ്ടമല്ലെന്ന് കരുതി ഒരു സിനിമയുടെ പാട്ടിന് പോയി ഡിസ് ലൈക്ക് ചെയ്യുന്നത് കാടത്തമാണെന്ന് ജൂഡ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചിത്രത്തിന്റെ പാട്ടിന്റെ മെയ്ക്കിങ് വീഡി പുറത്തുവിട്ടതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരേ ആക്രമണം വന്‍ ക്യാംപെയിനാണ് നടക്കുന്നത്. ഇതിനെതിരേയാണ് ജൂഡിന്റെ പോസ്റ്റ്. അതേസമയം, പോസ്റ്റില്‍ പാര്‍വതിയെ കുറിച്ചോ സിനിമയെ കുറിച്ചോ ജൂഡ് പരാമര്‍ശിച്ചിട്ടില്ല.

ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തം. സപ്പോര്‍ട്ട് സിനിമ എന്നാണ് ജൂഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കസബ വിവാദത്തില്‍ പാര്‍വതിക്കെതിരേ പോസ്റ്റിട്ടതിന് സോഷ്യല്‍ മീഡിയ ജൂഡിനെ പൊങ്കാലയിട്ടിരുന്നു.

സൂപ്പര്‍ ഹിറ്റ് ചിത്രമായ “എന്ന് നിന്റെ മൊയ്തീന്” ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് മ്യൂസിക് ഗണത്തില്‍പ്പെടുന്ന ക്യൂട്ട് ലിറ്റില്‍ ലവ് സ്റ്റോറി എന്നാണ് സംവിധായിക ചിത്രത്തെ വിശേഷിപ്പിക്കുന്നത്. തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ഇതുവരെയുള്ള പൃഥ്വിരാജ്, പാര്‍വതി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രമേയമാവും മൈ സ്റ്റോറി യുടേത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്.

കഴിഞ്ഞ ദിവസം യൂടൂബില്‍ പങ്കുവെച്ച ചിത്രത്തിലെ പാട്ടിന് 4000 ലൈക്കുകളും 15000 ഡിസ് ലൈക്കുകളുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോക്കെതിരെയാണ് ഡിസ് ലൈക്ക് ക്യാംപെയിന്‍ തുടങ്ങിയത്.