"എന്റെ അസിസ്റ്റന്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രമുഖര്‍ക്ക് ഇ മെയിലുകള്‍ അയയ്ക്കുന്ന ഒരു കള്ളന്‍ ഇറങ്ങിയിട്ടുണ്ട്"; വ്യാജനെ കൈയോടെ പിടിച്ച് ജൂഡ് ആന്റണി; കുടുക്കിയത് അപര്‍ണ

തന്റെ അസിസ്റ്റന്റാണെന്ന തരത്തില്‍ സിനിമാരംഗത്തെ പ്രമുഖര്‍ക്ക് ഇ മെയില്‍ സന്ദേശമയച്ച വ്യാജനെ കൈയോടെ പിടികൂടി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. നടി അപര്‍ണ ബാലമുരളിയ്ക്ക് ലഭിച്ച വ്യാജസന്ദേശമാണ് ജൂഡ് പുറത്തുവിട്ടത്.

“എന്റെ അസിസ്റ്റന്റ് എന്നു തെറ്റിദ്ധരിപ്പിച്ച് സിനിമാമേഖലയിലെ പ്രമുഖര്‍ക്ക് ഇ മെയിലുകള്‍ അയയ്ക്കുന്ന ഒരു കള്ളന്‍ ഇറങ്ങിയിട്ടുണ്ട്. എനിക്കിങ്ങനെ ഒരു സംവിധാന സഹായിയില്ല”, ജൂഡ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ തന്നെ നേരിട്ട് അറിയിക്കണമെന്നും ജൂഡ് ആവശ്യപ്പെട്ടു. അപര്‍ണ അയച്ചു കൊടുത്ത സ്‌ക്രീന്‍ഷോട്ടുകളും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

No photo description available.

ബാബു ജോസഫ് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. താന്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ സംവിധാന സഹായിയാണെന്നും അദ്ദേഹം പുതിയൊരു സിനിമ ചെയ്യാനുള്ള പ്ലാനിലാണെന്നും പറഞ്ഞു കൊണ്ടാണ് ഇ മെയില്‍. സിനിമയിലെ ഒരു കഥാപാത്രമാകാന്‍ അനുപമ അനുയോജ്യയാണെന്ന് സന്ദേശത്തിലൂടെ അറിയിച്ചു. അപര്‍ണയുടെ കോണ്‍ടാക്ട് നമ്പറിനായി അമ്മ സംഘടനയില്‍ അന്വേഷിച്ചപ്പോള്‍ അതില്‍ അംഗമല്ലെന്നാണ് മറുപടി ലഭിച്ചതെന്നും അതിനാല്‍ ഫോണ്‍ നമ്പര്‍ മെയില്‍ ചെയ്യൂവെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

“ജൂഡ് ചേട്ടന്റെ കൈയില്‍ എന്റെ നമ്പര്‍ ഉണ്ട്, അദ്ദേഹത്തില്‍ നിന്നും വാങ്ങൂ” എന്നാണ് അപര്‍ണ മറുപടി നല്‍കിയത്. സംഭവം ജൂഡിനോട് ചോദിച്ച് കൃത്യത വരുത്താന്‍ ശ്രമിച്ചപ്പോഴാണ് വ്യാജ സന്ദേശമാണെന്ന് വ്യക്തമായത്.