ഹെലികോപ്റ്ററില്‍ നിന്നും ചാടി, ജോജു ജോര്‍ജിന് പരിക്ക്; ചിത്രീകരണം നിര്‍ത്തി

നടന്‍ ജോജു ജോര്‍ജിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. മണിരത്‌നം-കമല്‍ ഹാസന്‍ ചിത്രം ‘തഗ് ലൈഫി’ന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്.

കമല്‍ഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററില്‍ നിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയില്‍ മടങ്ങിയെത്തി. സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

അതേസമയം, 1987ല്‍ പുറത്തിറങ്ങിയ ‘നായകന്’ ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എ ആര്‍ റഹ്‌മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും അന്‍പറിവ് സംഘട്ടന സംവിധാനവും നിര്‍വ്വഹിക്കുന്നു.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം, ദുല്‍ഖര്‍ മറ്റ് സിനിമകളുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഇപ്പോള്‍.