സ്‌ക്രീനില്‍ ആദ്യാവസാനം ജയസൂര്യ മാത്രം, വ്യത്യസ്ത പരീക്ഷണവുമായി 'സണ്ണി'; രഞ്ജിത്ത് ശങ്കര്‍ പറയുന്നു

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “സണ്ണി”. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണിത്. സണ്ണി എന്ന ഒരൊറ്റ കഥാപാത്ര ചിത്രം എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. സിനിമയുടെ ആദ്യാവസാനം സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്നത് സണ്ണി എന്ന ഒരേയൊരു കഥാപാത്രം മാത്രമാണ്.

വണ്‍ മാന്‍ വണ്‍ സ്‌പേസ് എന്ന രീതിയിലുള്ള ചിത്രം ചെയ്യണമെന്ന ആഗ്രഹം വര്‍ഷങ്ങളായി മനസ്സിലുണ്ടായിരുന്നു എന്നാണ് സംവിധായകന്‍ രഞ്ജിത്ത് പറയുന്നത്. എല്ലാവരാലും സ്വീകരിക്കപ്പെടുന്ന പുതുമയുള്ള ഒരു ചിത്രം ഒരുക്കണമെന്നായിരുന്നു ആഗ്രഹം. തിരക്കഥയില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നെങ്കിലും സ്‌ക്രീനില്‍ വര്‍ക്ക് ഔട്ട് ആകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു.

ആദ്യം മനസ്സില്‍ കണ്ടത് ജയസൂര്യയെ തന്നെയാണ്. ജയസൂര്യയുടെ നൂറാമത്തെ ചിത്രം 100 മിനിറ്റ് എന്ന പ്രത്യേകതയോടെയാണ് എത്തുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. സണ്ണിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ചില കഥാപാത്രങ്ങള്‍ ശബ്ദങ്ങളിലൂടെയും അവ്യക്തമായ കാഴ്ചകളിലൂടെയും സ്‌ക്രീനിലെത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

പ്രേതം 2-വിനു ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സണ്ണി. ചിത്രത്തില്‍ സംഗീതജ്ഞനായാണ് ജയസൂര്യ വേഷമിടുക. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ ശര്‍മ്മ സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.