അഞ്ച് വര്‍ഷത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍- ജയസൂര്യ കൂട്ടുകെട്ട്; 'എന്താടാ സജി' വരുന്നു

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. ‘എന്താടാ സജി’ എന്ന പുതിയ ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവാഗതനായ ഗോഡ്ഫി ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വന്നിരിക്കുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ഫാമിലി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ജേക്‌സ് ബിജോയ് നിര്‍വഹിക്കുന്നു. ഛായാഗ്രഹണം റോബി. സിനിമയുടെ ചിത്രീകരണം നവംബര്‍ പകുതിയോടെ ആരംഭിക്കും.

2016ല്‍ പുറത്തിറങ്ങിയ ഷാജഹാനും പരീക്കുട്ടിയും, സ്‌കൂള്‍ ബസ് എന്നീ ചിത്രങ്ങളിലാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിച്ച് അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. അതേസമയം, ഈശോ, കത്തനാര്‍, മേരി ആവാസ് സുനോ, ആട് 3, രാമ സേതു തുടങ്ങിയ ചിത്രങ്ങളാണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

ഭീമന്റെ വഴി എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റെതായി റിലീസിന് ഒരുങ്ങുന്നത്. പട, ഒറ്റ്, ന്നാ താന്‍ പോയി കേസ് കൊട്, ആറാം പാതിര, ഗര്‍ര്‍, നീലവെളിച്ചം, അറിയിപ്പ്, മറിയം ടൈലേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.