'കൃഷ്ണ സാറിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്, ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനൊപ്പം'; ജയറാം വീണ്ടും തെലുങ്കിലേക്ക്

നിലവില്‍ മലയാളത്തിനേക്കാള്‍ മികച്ച സിനിമകള്‍ ജയറാമിന് ലഭിക്കുന്നത് അന്യഭാഷകളിലാണ്. മലയാളത്തില്‍ എത്തുന്ന താരത്തിന്റെ സിനിമകള്‍ പരാജയപ്പെടുമ്പോള്‍ താരത്തിന്റെ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ ബ്ലോക്ക്ബസ്റ്ററുകള്‍ ആകാറുണ്ട്. അതുകൊണ്ട് തന്നെ വീണ്ടുമൊരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം.

മഹേഷ് ബാബുവിനൊപ്പമാണ് ജയറാം അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം മഹേഷ് ബാബുവിന്റെ കരിയറിലെ 28-ാമത്തെ സിനിമയാണ്. മഹേഷ് ബാബുവിനും ത്രിവിക്രം ശ്രീനിവാസിനുമൊപ്പമുള്ള ചിത്രങ്ങള്‍ ജയറാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

മഹേഷ് ബാബുവിന്റെ അച്ഛന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന താന്‍ ഇന്ന് അദ്ദേഹത്തിന്റെ മകനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി ജയറാം കുറിച്ചിരിക്കുന്നത്. ഒപ്പം ത്രിവിക്രമിനൊപ്പം ഒരിക്കല്‍ക്കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലുള്ള സന്തോഷവും താരം പങ്കുവച്ചിട്ടുണ്ട്.

പൂജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമന്‍ ആണ്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ‘സര്‍ക്കാരു വാരി പാട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു ചിത്രം.

അതേസമയം രവി തേജയുടെ പ്രതിനായകനായി എത്തിയ ധമാക്ക ആയിരുന്നു ജയറാമിന്റെതായി അവസാനമെത്തിയ തെലുങ്ക് ചിത്രം. ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ആണ് ഇനി ജയറാമിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഏപ്രില്‍ 28ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുക.