'യാഷിന്റേത് ഹരാസ് ചെയ്യുന്ന വ്യക്തിത്വം, ഇനി ഒന്നിച്ച് പ്രവര്‍ത്തിക്കില്ല'; പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യം ഇതാണ്, വെളിപ്പെടുത്തി ശ്രീനിധി

‘കെജിഎഫ്’ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീനിധി ഷെട്ടി. കെജിഎഫ് ആദ്യ ഭാഗത്തില്‍ താരത്തിന്റെ സ്‌ക്രീന്‍ പ്രെസന്‍സ് കുറവായിരുന്നുവെങ്കിലും രണ്ടാം ഭാഗത്തില്‍ ശ്രീനിധി നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ യാഷ് ആരാധകര്‍ ഇപ്പോള്‍ ശ്രീനിധിക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്.

കെജിഎഫിന്റെ സെറ്റില്‍ വെച്ച് ശ്രീനിധിയെ യാഷ് ഹരാസ് ചെയ്തുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ആരാധകര്‍ താരത്തിന് എതിരെ തിരിഞ്ഞത്. ഉമൈര്‍ സന്ധു എന്നൊരാളാണ് ശ്രീനിധി പറഞ്ഞുവെന്ന തരത്തില്‍ യാഷിനെ കുറിച്ച് മോശമായി ട്വീറ്റ് ചെയ്തത്.

‘കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ സെറ്റില്‍ വച്ച് യാഷ് കാരണം എനിക്ക് നാണക്കേടുണ്ടായി. ഇനി ഒരിക്കലും യഷിനൊപ്പം പ്രവര്‍ത്തിക്കില്ല. അയാള്‍ ടോക്‌സിക്കാണ്. ഹാരാസ് ചെയ്യുന്ന വ്യക്തിത്വമാണ്’ എന്ന് ശ്രീനിധി പറഞ്ഞുവെന്ന തരത്തിലാണ് ട്വീറ്റ് എത്തിയത്. ഇത് നടിയുടെ തന്നെ പ്രസ്താവനയാണെന്ന് പലരും തെറ്റിദ്ധരിക്കുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട വിശദീകരണവുമായി ശ്രീനിധി എത്തി. ”ഇത് വ്യാജ വാര്‍ത്തയാണ്. എനിക്ക് അങ്ങനെയൊരു അനുഭവം ഇല്ല. ഇതെല്ലാം കള്ളമാണ്. ചിലര്‍ തെറ്റായ പ്രചരണങ്ങളും കിംവദന്തികളും പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു.”

”യാഷിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ശരിക്കും ഭാഗ്യവതിയാണ്. അദ്ദേഹം ഒരു മാന്യനും ഉപദേശകനും ഒരു നല്ല സുഹൃത്തും എന്റെ പ്രചോദനവും കൂടിയാണ്. എല്ലാത്തിലുമുപരിയായി ഞാന്‍ യാഷിന്റെ വലിയ ആരാധികയാണ്” എന്നാണ് ശ്രീനിധി വ്യക്തമാക്കിയിരിക്കുന്നത്.