'ഏയ് ജയറാം, ഞാനും മലയാളി, വീട് തൃശൂര്‍ അടുത്ത് മരത്താക്കര'; കോവൈ സരളയെ അനുകരിച്ച് ജയറാം

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ജയറാം പ്രഭുവിനെയും മണിരത്‌നത്തെയും അനുകരിച്ചത് വൈറലായിരുന്നു. ജയറാമിന്റെ മറ്റൊരു മിമിക്രി വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തമിഴ് ഹാസ്യ താരം കോവൈ സരളയെയാണ് ജയറാം അനുകരിക്കുന്നത്.

2022 ജെഎഫ്ഡബ്ല്യു അച്ചീവേഴ്‌സ് അവാര്‍ഡ് വേദിയിലായിരുന്നു കോവൈ സരളയെ അനുകരിച്ച് ജയറാം കയ്യടി നേടിയത്. കോവൈ സരളയ്ക്ക് അവാര്‍ഡ് നല്‍കാന്‍ എത്തിയതായിരുന്നു ജയറാം. അതിനിടെയാണ് കോവൈ സരളയുമൊത്തുള്ള തന്റെ മുന്‍കാല അനുഭവങ്ങള്‍ ജയറാം ഓര്‍ത്തെടുത്തത്.

‘ഏയ് ജയറാം’ എന്ന് വിളിച്ചാണ് തന്റെടുത്തേക്ക് കോവൈ സരള ആദ്യം വന്നത്. എങ്ങനെയാണ് ഇത്ര നന്നായി മലയാളം പറയുന്നത് എന്ന് ചോദിച്ചപ്പോള്‍ ‘ഞാനും മലയാളിയാണ്, വീട് തുശൂരിനടുത്ത് മരത്താക്കര’ ആണെന്ന് പറഞ്ഞു. പിന്നീട് താന്‍ മരത്താക്കര സരളയെ എന്നാണ് വിളിച്ചിരുന്നത്.

പിന്നീട് അത് മാറി മരത്താക്കര എന്ന് മാത്രമായി എന്നാണ് ജയറാം വേദിയില്‍ വച്ച് പറഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാനായകരില്‍ ഒരാളാണ് ജയറാമെന്നും മിമിക്രി എന്ന കലയില്‍ അദ്ദേഹത്തെ വെല്ലാന്‍ മറ്റാരുമില്ലെന്നും കോവൈ സരളയും പറഞ്ഞു.