പുരി ജഗന്നാഥ് ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയുടെ നായികയായി ജാന്‍വി കപൂര്‍..?

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ വിജയ് ദേവരകൊണ്ട നായകനായി എത്തുമെന്ന കാര്യം കഴിഞ്ഞ ആഴ്ചയാണ് ചാര്‍മി കൗര്‍ ട്വിറ്ററിലൂടെ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നായിരുന്നു ചാര്‍മി കുറിച്ചത്. ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയുടെ നായികയായി ബോളിവുഡ് സുന്ദരി ജാന്‍വി കപൂര്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ജാന്‍വിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെയാണ് താരം വിജയ് ദേവരകൊണ്ടയുടെ നായികയായി എത്തുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. എന്നാല്‍ ജാന്‍വി ഇക്കാര്യം ഇതുവരെ സ്ഥീരീകരിച്ചിട്ടില്ല.

“അര്‍ജുന്‍ റെഡ്ഡി”യുടെ ഹിന്ദി റീമേക്ക് “കബീര്‍ സിങ്ങി”ന് പിന്നാലെ “ഡിയര്‍ കോമ്രേഡി”ന്റെ ഹിന്ദി റീമേക്ക് ഒരുക്കുകയാണ് കരണ്‍ ജോഹര്‍. ചിത്രത്തില്‍ ജാന്‍വി കപൂറും ഇഷാന്‍ ഖത്തറും പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തല അജിത്ത് നായകനാകുന്ന “എകെ60” എന്ന ചിത്രത്തിലും ജാന്‍വി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.