പ്രഥമ ഐ.വി ശശി ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി അന്ന ബെന്‍, സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍

സംവിധായകന്‍ ഐ.വി ശശിയുടെ സ്മരണാര്‍ത്ഥം ഫസ്റ്റ് ക്ലാപ്പ് സാംസ്‌കാരിക സംഘടന സംഘടിപ്പിച്ച പ്രഥമ ഐ.വി.ശശി ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. സംഘടനയുടെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു പ്രഖ്യാപനം. ഷോര്‍ട്ട് ഫിലിം ജനറല്‍, കാമ്പസ്, പ്രവാസി വിഭാഗങ്ങളുടെയും മ്യൂസിക്കല്‍ ആല്‍ബം ഫെസ്റ്റിവലിന്റെയും വിജയികളാണ് പ്രഖ്യാപിച്ചത്. ഹെലന്‍ ചിത്രം ഒരുക്കിയ മാത്തുക്കുട്ടി സേവ്യര്‍ ആണ് മികച്ച നവാഗത സംവിധായകന്‍. മികച്ച രണ്ടാമത്തെ സംവിധായകനുള്ള പുരസ്‌കാരം ഉയരെ ചിത്രത്തിന്റെ സംവിധായകന്‍ മനു അശോകിനാണ്.

ഹെലന്‍, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് അന്നാ ബെന്‍ ആണ് മികച്ച നടിക്കുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായത്. തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, നിര്‍മ്മാതാവ് വി.ബി.കെ മേനോന്‍ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. പ്രശസ്ത സംവിധായകരായ ഹരിഹരന്‍, പ്രിയദര്‍ശന്‍, പ്രശസ്ത ചലച്ചിത്ര നടി മഞ്ജു വാര്യര്‍ എന്നിവരാണ് വിധി പ്രഖ്യാപനം നടത്തിയത്.

50000 രൂപയും കലാസംവിധായകന്‍ നേമം പുഷ്പരാജ് രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമാണ് മാത്തുക്കുട്ടി സേവ്യറിന്‌ പുരസ്‌കാരമായി ലഭിക്കുക. മനു അശോകിന് ശില്‍പവും പ്രശസ്തി പത്രവും ലഭിക്കും. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹയായ അന്ന ബെന്നിന് സംവിധായകന്‍ കെ.ജി ജോര്‍ജ്ജിന്റെ പേരില്‍ ചലച്ചിത്ര മലയാള കൂട്ടായ്മയായ കെ.ജി.ജോര്‍ജ് സെന്റര്‍ ഫോര്‍ സിനിമയുടെ പേരില്‍ നല്‍കുന്ന ശില്‍പവും പ്രശസ്തിപത്രവുമാണ് ലഭിക്കുക.

മ്യൂസിക് ആല്‍ബം വിഭാഗത്തില്‍ “ഓണമാണ്” എന്ന ഗാനം എഴുതിയ കവി പ്രസാദ് ഗോപിനാഥിന് ആണ് ഏറ്റവും നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം ലഭിച്ചു. സംഗീത സംവിധായകനുള്ള പുരസ്‌കാരം അവാര്‍ഡ് റിത്വ എന്ന ആല്‍ബത്തിലൂടെ സുദീപ് പാലനാടിന് ലഭിച്ചു. ചന്ദ്രേട്ടായനം എന്ന ആല്‍ബത്തിന് ആദിത്യ ചന്ദ്രശേഖരനാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചത്. കാപ്പിച്ചാന്‍ നിര്‍മ്മിച്ച ഓണമാണ് എന്ന ഗാനം ഏറ്റവും നല്ല ആല്‍ബത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി.

കാമ്പസ് വിഭാഗത്തില്‍ മികച്ച സംവിധായകനായി കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്ട്‌സിലെ ഷജിന്‍ സാം തിരഞ്ഞെടുക്കപ്പെട്ടു. ഇതേ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഭ്രമണം മികച്ച കാമ്പസ് ഷോര്‍ട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസി വിഭാഗത്തിലെ മികച്ച സിനിമയായി ദൗഫല്‍ അന്തിക്കാട് നിര്‍മ്മിച്ച കടലാഴം എന്ന ചിത്രത്തിന് ലഭിച്ചു. മികച്ച പ്രവാസി ഷോര്‍ട്ട് ഫിലിം സംവിധായകനായി സംവിധായകന്‍ രഞ്ജീഷ് മുണ്ടയ്ക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു. ജാന്‍വി എന്ന ഷോര്‍ട്ട് ഫിലിമിനാണ് പുരസ്‌കാരം.

ജനറല്‍ വിഭാഗത്തില്‍ അതിര് എന്ന ഷോര്‍ട്ട് ഫിലിമില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച നന്ദിതാദാസ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. മഹാരാഷ്ട്രയില്‍ നിന്നുള്ള ആര്‍.ജെ.പി ഫിലിംസ് നിര്‍മ്മിച്ച സോറി ഫോര്‍ യുവര്‍ ലോസ് എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് വീരാ ദസ്തൂരി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഷിജു പവിത്രനാണ് മികച്ച നടന്‍. മുസ്താക് അലി എന്ന ഷോര്‍ട്ട് ഫിലിമിലെ പ്രകടനത്തിനാണ് അവാര്‍ഡ്. ഹരിച്ചാലും ഗുണിച്ചാലും ഒന്ന് എന്ന ഷോര്‍ട്ട് ഫിലിമിന്റെ എഡിറ്റര്‍ ഫിന്‍ ജോര്‍ജ്ജ് മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹനായി.

കള്‍ട്ട് കമ്പനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിരണ്‍ തങ്കച്ചന്‍ നിര്‍മ്മിച്ച അതിര് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ മൃദുല്‍ എസ് മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് ലഭിച്ചു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം അതിര് എന്ന ഷോര്‍ട്ട് ഫിലിമിന്റെ തിരക്കഥ രചിച്ച മൃദുല്‍ എസ്, വിനായക് എസ് എന്നിവര്‍ പങ്കിട്ടു. മികച്ച സംവിധായകനായി അതിര് സംവിധാനം ചെയ്ത ഫാസില്‍ റസാഖ് തിരഞ്ഞെടുക്കപ്പെട്ടു. കോവിഡിന് ശേഷം എറണാകുളത്ത് വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.