പാക് അഭിനേത്രികളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ബാന്‍ ചെയ്ത് ഇന്ത്യ. ഹാനിയ ആമിര്‍, മാഹിറ ഖാന്‍ എന്നീ താരങ്ങളുടെ അക്കൗണ്ടുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തനരഹിതമാക്കിയിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഈ നടപടി. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള അഭിനേതാക്കളാണ് ഹാനിയ ആമിറും മാഹിറ ഖാനും.
കശ്മീരില്‍ 26 പേരുടെ ജീവനെടുത്ത കൂട്ടക്കൊലയ്ക്ക് പാക്കിസ്ഥാന്റെ പിന്തുണയുണ്ടെന്ന് കണ്ടെത്തിയ ഇന്ത്യ നയതന്ത്ര സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടക്കാനുള്ള അനുമതിയും നിഷേധിച്ചിരുന്നു. അതേസമയം, ബ്ലോക്ക് ചെയ്യപ്പെട്ട നടികളില്‍ ഒരാളായ ഹനിയ അമീര്‍ പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
ട്രാജഡി എവിടെയും ട്രാജഡിയാണെന്നും എന്റെ ഹൃദയം ജീവന്‍ നഷ്ടമായ നിരപരാധികള്‍ക്ക് ഒപ്പമാണ്. വേദന അവരുടേത് മാത്രമല്ല, ഞങ്ങള്‍ക്കെല്ലാം ഒരുപോലെ വേദനിക്കുന്നുണ്ട്. നമ്മള്‍ എവിടെ നിന്ന് വന്നവരാണെങ്കിലും ദു:ഖത്തിന് ഒരേ ഭാഷയാണ്. നമുക്ക് എപ്പോഴും മനുഷ്യത്വത്തിന്റെ കൂടെ നില്‍ക്കാം എന്നായിരുന്നു ഹനിയ കുറിച്ചത്.
Read more
‘മേരെ ഹംസഫര്‍’, ‘കഭി മേന്‍ കഭി തും’ എന്നീ പാക് വെബ് ചിത്രങ്ങളിലൂടെ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ പ്രശസ്തയാണ് ഹാനിയ ആമിര്‍. പാക് നടന്‍ ഫവാദ് ഖാന്‍ നായകനാകുന്ന ‘അബിര്‍ ഗുലാല്‍’ എന്ന ചിത്രവും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. മെയ് 9ന് റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ഇന്ത്യയില്‍ നിരോധിച്ചത്.







