പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് അഭിനേതാക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബാന്‍ ചെയ്തിരുന്നു. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള അഭിനേതാക്കളായ ഹാനിയ ആമിറിന്റെയും മാഹിറ ഖാന്റെയും ഫവാദ് ഖാന്റെയും അക്കൗണ്ടുകളും ഇന്ത്യയില്‍ ബാന്‍ ചെയ്തിരുന്നു. ഇതോടെ പ്രിയ താരങ്ങളുടെ ചിത്രങ്ങള്‍ കാണാനായി വിപിഎന്‍ സൗകര്യം ഉപയോഗിക്കുകയാണ് ചിലര്‍.
ഹാനിയ ആമിറിന്റെ ചിത്രങ്ങള്‍ക്ക് താഴെയാണ് ഇന്ത്യന്‍ ഉപയോക്താക്കളുടെ കമന്റുകള്‍ എത്തിയിരിക്കുന്നത്. ‘മിസ് യു’, ‘പേടിക്കണ്ട, ഞങ്ങള്‍ വിപിഎന്‍ ഉപയോഗിച്ചായാലും നിങ്ങളെ കാണാനെത്തും’ എന്നിങ്ങനെയുള്ള കമന്റുകളാണ് നടിയുടെ അക്കൗണ്ടില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് മറുപടിയായി ‘ലവ് യു’, ‘കരഞ്ഞു പോകുന്നു’ എന്നിങ്ങനെ മറുപടികളും നടി നല്‍കിയിട്ടുണ്ട്.

ഒരു പാകിസ്ഥാന്‍കാരന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഹാനിയ ആമിറിന്റെ എച്ച്ഡി ചിത്രങ്ങളും പാകിസ്ഥാനി ഡ്രാമാ സീരിയലുകളും അയച്ച് തരാന്‍ 25 രൂപ ആവശ്യപ്പെട്ടു കൊണ്ടാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഓരോ ഫോട്ടോയ്ക്കും എപ്പിസോഡിനുമാണ് 25 രൂപ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, കശ്മീരില്‍ 26 പേരുടെ ജീവനെടുത്ത കൂട്ടക്കൊലയ്ക്ക് പാക്കിസ്ഥാന്റെ പിന്തുണയുണ്ടെന്ന് കണ്ടെത്തിയ ഇന്ത്യ നയതന്ത്ര സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിരുന്നു. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടക്കാനുള്ള അനുമതിയും നിഷേധിച്ചിരുന്നു.

Read more
ഭീകരവാദത്തിനുള്ള പാക് പിന്തുണയെ ഇന്ത്യ എതിര്‍ക്കുന്നതിനിടെ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ തടഞ്ഞിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാന്‍ വഴി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉല്‍പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.







