തരുൺ മൂർത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം, ബഹുമതിയായി കാണുന്നുവെന്ന് പറഞ്ഞ് സംവിധായകൻ

ആദ്യ മൂന്ന് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിൽ മുൻനിരയിലേക്ക് ഉയർന്ന സംവിധായകനാണ് തരുൺ മൂർത്തി. മോഹൻലാലിനെ നായകനാക്കിയുളള തുടരും സിനിമ സംവിധായകന്റെ കരിയറിൽ വലിയ വഴിത്തിരിവാണുണ്ടാക്കിയത്. കലക്ഷൻ റെക്കോഡുകൾ എല്ലാം തിരുത്തിയെഴുതികൊണ്ടുളള വിജയമാണ് ചിത്രത്തിന് ലഭിച്ചത്. തന്നെ തേടിയെത്തിയ പുതിയ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് തരുൺ മൂർത്തി. സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം റിസപ്ഷൻ എന്ന പരിപാടിയിൽ പങ്കെടുക്കാൻ തരുണിനെ ക്ഷണിച്ചിരിക്കുകയാണ് രാഷ്ട്രപതി. രാഷ്ട്രപതി ഭവനിൽ നിന്നും വന്ന കത്തിന്റെ ചിത്രം പങ്കുവച്ചാണ് തരുൺ മൂർത്തിയുടെ പുതിയ പോസ്റ്റ് വന്നത്.

“നമ്മുടെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ്-ഹോം റിസപ്ഷനിലേക്ക്’ പ്രസിഡന്റ് ദ്രൗപതി മുർമു എന്നെ ക്ഷണിച്ചിരിക്കുന്നു. ഇതൊരു ബഹുമതിയായി കരുതുന്നു”, തരുൺ മൂർത്തി കുറിച്ചു. സംവിധായകന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് തരുണിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ‘അപ്പോ നാഷ്ണൽ അവാർഡ് ഉറപ്പിക്കാലേ’, ‘ബെൻസല്ല, തരുൺ മൂർത്തി നിങ്ങളാണ് ശരിക്കും ഹീറോ’, ‘ഒറ്റ ലാലേട്ടൻ സിനിമ കൊണ്ട് ഒരു മനുഷ്യന്റെ ജീവിതം തന്നെ മാറി’, ‘അർഹതപ്പെട്ടത് കിട്ടി’, ‘അപ്പോ ഇതാണല്ലേ ആ ‘പതക്കം’ – എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

തുടരും വൻവിജയമായതിന് പിന്നാലെ ടോർപിഡോ എന്ന ചിത്രമാണ് തരുൺ മൂർത്തിയുടെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ, അർജുൻ ദാസ്, നസ്‌ലിൻ, ​ഗണപതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ബിനു പപ്പു തിരക്കഥയെഴുതിയ ചിത്രത്തിന് സുഷിൻ ശ്യാം സം​ഗീതമൊരുക്കുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് നിർമാണം.

View this post on Instagram

A post shared by Tharun Moorthy (@tharun_moorthy)

Read more