പത്മവിഭൂഷണിലേക്ക് ഒഴുകിയെത്തിയ 'രാജ'ഗാനങ്ങള്‍ ; ഇളയരാജയുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങള്‍

ഭാവസാന്ദ്രമായ ഈണങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്ന സംഗീതസംവിധായകനാണ് ഇളയരാജ. നാല് പതിറ്റാണ്ടിലേറെയായി നിരവധി അനശ്വരഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ ആ മഹാപ്രതിഭയ്ക്ക് രാജ്യം പത്മ വിഭൂഷണ്‍ നല്‍കി ആദരിക്കാനൊരുങ്ങുകയാണ്. കാലത്തിന് അതീതമായ ക്ലാസ്സിക് ഗാനങ്ങളുടെ ഓര്‍മക്കാലം തീര്‍ത്ത ഇളയരാജയുടെ ഈണങ്ങളില്‍ ചിലത് കേള്‍ക്കാം.

ദളപതി എന്ന സിനിമയിലെ ചിന്നത്തായവള്‍ എന്ന ഗാനം ഇളയരാജയുടെ തന്റെ അമ്മയെ ഓര്‍ത്ത് ചെയ്തതാണെന്ന് പറയപ്പെടുന്നു. ഒരേ സമയം സ്‌നേഹവും നൊമ്പരവും അനുഭവവേദ്യമാകുന്ന ഗാനം.

ഇളയരാജയുടെ ഈണത്തില്‍ എസ്.പി ബാലസുബ്രമണ്യത്തിന്റെ ശബ്ദം ചേരുമ്പോള്‍ പാട്ടുകള്‍ക്ക് പ്രത്യേക സൗന്ദര്യമാണ്.സംഗീതാസ്വാധകരുടെ എക്കാലത്തെയും പ്രിയ ഗാനങ്ങളിലൊന്നാണ് “”മണ്ണില്‍ ഇന്ത കാതല്‍ “”

1980 ല്‍ പുറത്തിറങ്ങിയ മൂട് പനി എന്ന ചിത്രത്തിലെ “എന്‍ ഇനിയ പൊന്‍നിലാവേ…” എന്ന ഗാനം പ്രതാപ് പോത്തന്‍-ശോഭ ജോഡികളുടെ സ്വാഭാവിക അഭിനയത്തിലൂടെ ആരാധകരുടെ ഹൃദയത്തിലിടം നേടി.

“”കല്യാണമാലൈ കൊണ്ടാടും പെണ്ണെ”” എന്ന ഗാനത്തില്‍ സംഗീത സംവിധായകനായി മാത്രമല്ല, ഗായകനായും അഭിനേതാവായും ഇളയരാജയെ കാണാം. പതുപുതു അര്‍ത്ഥങ്ങള്‍ എന്ന സിനിമയില്‍ ഇളയരാജയോടൊപ്പം എസ്പി ബാലസുബ്രമണ്യവും ആലപിക്കുന്ന ഈ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത് റഹ്മാനാണ്.

സിന്ദുഭൈരവി എന്ന ചിത്രത്തിലെ നാന്‍ ഒരു ചിന്ത് എന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്.

1984 ല്‍ പുറത്തിറങ്ങിയ തമ്പിക്കു എന്ത ഊര് എന്ന ചിത്രത്തിലെ കാതലിന്‍ ദീപം എന്ട്ര് എന്ന ഗാനം തമിഴിലെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിലൊന്നാണ്. എസ്.പി ബാലസുബ്രമണ്യനും എസ് ജാനകിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

“ദളപതി”തമിഴ് സിനിമാ ലോകത്തിന് എക്കാലവും അഭിമാനിക്കാവുന്ന ക്ലാസ്സിക് സിനിമയാണ്. സിനിമ പോലെ തന്നെ മധുരമാണ് ഇതിലെ ഗാനങ്ങളും. “”സുന്ദരി കണ്ണാല്‍ ഒരു സേതി”” എന്ന ഗാനരംഗം അതിന്റെ ചിത്രീകരണം കൊണ്ടും ഏറെ പ്രേക്ഷകപ്രീതി നേടി.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മലയാള സിനിമയുടെ ഖ്യാതി അനശ്വരമാക്കിയ ചിത്രമാണ് കാലാപാനി. ഇളയരാജ മാജിക് എന്നു വിശേഷിപ്പിക്കാവുന്ന ഗാനങ്ങളാണ് ഇതില്‍.

ഇളയരാജ ഹിറ്റുകളില്‍ ഏറ്റവും മികച്ചവയില്‍ ഒന്നാണ് എന്‍ വാനിലേ എന്ന ഗാനം. രജ്‌നികാന്തും ശ്രീദേവിയും അഭിനയിച്ച ഈ ഗാനം ഇപ്പോഴും ഗാനേളകളില്‍ സ്ഥിര സാന്നിധ്യമാണ്.

അവതാരം എന്ന ചിത്രത്തിലെ “തെന്‍ട്രല്‍ വന്ത് തീണ്ടും പോത്.” എന്ന് തുടങ്ങുന്ന ഗാനം. എസ് ജാനകിയും ഇളയരാജയും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. വാലിയുടേതാണ് വരികള്‍.

തമിഴിലെ പ്രണയനായകനായിരുന്ന മോഹന്റെ  ഹിറ്റ് സിനിമയായിരുന്നു മൗനരാഗം. ആ സിനിമയിലെ ഓരോ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. “”നിലാവേ വാ”” എന്ന ഗാനം കേള്‍ക്കാത്തവര്‍ കുറവായിരിക്കും.

ഇന്ത്യന്‍ സിനിമയിലെ മഹാനടന്‍മാരുടെ പട്ടികയിലേക്ക് കമല്‍ഹാസന്റെ പേര് എഴുതിച്ചേര്‍ത്തതില്‍ “ഗുണ” എന്ന സിനിമക്ക് വലിയ പങ്കുണ്ട. ഗുണയില്‍ കമല്‍ഹാസനും എസ്. ജാനകിയും ചേര്‍ന്നാലപിച്ച കണ്‍മണി അന്‍പോട് എന്ന ഗാനം.

കമല്‍ഹാസന്‍- ശ്രീദേവി ജോഡിയുടെ എക്കാലത്തെയും ഹിറ്റ് ഗാനം. മൂന്‍ട്രാം പിറൈ എന്ന ചിത്രത്തിലെ കണ്ണൈ കലൈമാനെ എന്ന ഗാനം യേശുദാസാണ് ആലപിച്ചിരിക്കുന്നത്.

രാജ രാജ സോഴന്‍ നാന്‍ എന്ന ഗാനം സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട “രാജ”ഗീതമാണ്. യേശുദാസ്-ഇളയരാജ കൂട്ടുകെട്ടിലെ മനോഹര ഗാനം