എഞ്ചിനീയറിങ് പൂർത്തിയാക്കാതെ സിനിമയിലെത്തി; തൊട്ടതെല്ലാം പൊന്നാക്കിയ യുവ താരത്തിന്റെ ഹിറ്റ് കളക്ഷൻ

പ്രായം 25. എഞ്ചിനീയറിങ് പൂർത്തിയാക്കാതെ സിനിമയിലെത്തി…. ഇന്ന് മലയാള സിനിമയിലെ താരമൂല്യം ഉള്ള നടൻ എന്ന പദവി നേടാൻ കഴിയുന്ന ഇൻഡസ്ട്രിയിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേതാവ്… പറഞ്ഞ് വന്നത് മറ്റാരെയും പറ്റിയല്ല. മലയാളികളുടെ ഇഷ്ട താരം നസ്ലനെ പറ്റിയാണ്. കൊടുങ്ങല്ലൂർ സ്വദേശിയായ ഗഫൂറിൻ്റെ മകനായി 1 June 2000 ലാണ് നസ്ലൻ ജനിക്കുന്നത്. ഇരട്ടഹോദരന്മാരിൽ മൂത്ത ആൾ. പ്ലസ് റ്റു കഴിഞ്ഞ പാടെ തന്നെ അഭിനയത്തിലേക്ക് എത്തിയ താരം എഞ്ചിനീയറിങ്ങിന് ജോയിൻ ചെയ്തു എങ്കിലും ഷൂട്ടിങ് തിരക്കുകൾ കാരണം അത് പൂർത്തിയാക്കിയില്ല. എന്നാൽ ഇന്ന് മലയാള സിനിമയിലേക്ക് നോക്കുകയാണെങ്കിൽ ചെറു പ്രായത്തിൽ തന്നെ നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമകളുടെ ഭാഗമാകാൻ നസ്ലന് ആയിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് നസ്ലൻ നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ച 2 സിനിമകളുടെ ഭാഗമായി നസ്ലൻ. ഈ ചെറിയ പ്രായത്തിൽ തന്നെ സിനിമ ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ഈ കൊടുങ്ങല്ലൂരുകാരന് സാധിച്ചു എന്നതാണ് വാസ്തവം.

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്‌ത മധുരരാജ തീയറ്ററുകളിലെത്തിയപ്പോൾ സിനിമയിൽ ആരും പെട്ടെന്ന് കാണാത്ത ഫ്രെയിമിലെ ഒരു മൂലയിൽ നസ്ലൻ എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു. പക്ഷെ നസ്ലനെ സിനിമയിലെ ആ ഒരൊറ്റ ഫ്രെയിമിൽ കണ്ടത് അവൻ മാത്രമായിരുന്നു. പിന്നീട് അവനാരംഗം മൊബൈലിലെടുത്ത് തൻ്റെ കൂട്ടുകാരെ കാണിച്ചു…. പിന്നീട് മമ്മൂട്ടിയുടെ മധുരരാജയെല്ലാം തീയറ്റർ വിട്ടു പകരം മമ്മൂക്കയുടെ തന്നെ ഉണ്ട തീയറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോൾ തൊട്ടപ്പുറത്തെ സ്ക്രീനിൽ നസ്ലൻ തൻ്റെ സ്വന്തം മുഖം വലിയ ആരവത്തോടെ തണ്ണീർ മത്തനിലൂടെ കാണിച്ച് വലിയ താരമായി മാറി ആ ചെറുപ്പക്കാരൻ.

2019 ൽ ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നസ്ലൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. സ്കൂൾ പശ്ചാത്തലത്തിലുള്ള ഒരു കോമഡി-റൊമാന്റിക് ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി. പിന്നീട് മനു വാര്യര്‍ സംവിധാനം ചെയ്‌ത്‌ പ്രിത്വിരാജ്, മുരളി ഗോപി, രോഷൻ മാത്യു എന്നിവരോടൊപ്പം 2021 ൽ പുറത്തിറങ്ങിയ കുരുതി എന്ന ചിത്രത്തിൽ നസ്ലൻ ഫൈസി എന്ന കഥാപാത്രം ചെയ്‌ത്‌ ശ്രദ്ധനേടി.

2021 തന്നെ റോജിൻ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഒരു മലയാള കോമഡി, കുടുംബ ചിത്രമാണ് ഹോം. വലിയ ചർച്ചകൾക്ക് ഇടയായ ചിത്രത്തിൽ ഇന്ദ്രൻസിന്റെയും മഞ്ജുപിള്ളയുടെയും മക്കളിൽ ഒരാളായാണ് നസ്ലൻ വേഷമിട്ടത്. ഈ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇനി ഇതേ വർഷം തന്നെ നാദിര്‍ഷ സംവിധാനം ചെയ്‌ത്‌ ഡിസംബറിൽ പുറത്തിറങ്ങിയ കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലും നസ്ലൻ മികച്ച പ്രകടനം കാഴ്ചവെച്ചു. ഒരേ വർഷം മൂന്ന് സിനിമകൾ ചെയ്‌ത്‌ നസ്ലൻ തന്റേതായ സ്ഥാനം ഉറപ്പിച്ചു എന്ന് തന്നെ പറയാം.

പിന്നീട് 2022 ൽ നിരവധി സിനിമകൾ നസ്ലനെ തേടിയെത്തി. സൂപ്പര്‍ ശരണ്യ, മകൾ, പത്രോസിന്റെ പടപ്പുകള്‍, ജോ ആന്റ് ജോ, ഐ ആം കാതലൻ എന്നീ സിനിമകളിലൂടെ വീണ്ടും നസ്ലൻ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടി. 2023 ൽ അയല്‍വാശി, 18 പ്ലസ്‌, നെയ്മര്‍ തുടങ്ങിയ ചിത്രങ്ങൾ ചെയ്‌തെങ്കിലും 2024-ൽ ഗിരീഷ് എ ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവർ ചേർന്ന് നിർമ്മിച്ച റൊമാന്റിക് കോമഡി ചിത്രമായ പ്രേമലുവിലൂടെയാണ് നസ്ലന്റെ കരിയറിൽ ഏറ്റവും വലിയ വലിയ വഴിത്തിരിവ് ഉണ്ടാകുന്നത്. നസ്ലിനും മമിത ബൈജുവും അഭിനയിച്ച ഈ ചിത്രം യുവ പ്രേക്ഷകരെ ഒരുപാട് ആകർഷിച്ചു. ഈ ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു. ലോകമെമ്പാടും 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം ചിത്രമായും 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഏഴാമത്തെ ഇന്ത്യൻ ചിത്രമായി മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റപ്പെടുകയും അവിടെയും വമ്പൻ വിജയം ആവർത്തിക്കുകയും ചെയ്തു. കേരളത്തിന് അകത്തും പുറത്തും മികച്ച കളക്ഷന്‍ നേടിയ പ്രേമലു 136 കോടി കളക്ഷനാണ് നേടിയത്.

തുടർന്ന് 2025-ൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത നസ്ലിൻ ചിത്രം ആലപ്പുഴ ജിംഖാന ബോക്സ് ഓഫീസിൽ 65 കോടി രൂപ കളക്ഷൻ നേടി.100 കോടി തികഞ്ഞില്ലെങ്കിലും ഈ ചിത്രം ഏറെ പ്രശംസ നേടിയെടുത്തിരുന്നു. പിന്നീട് ചെറുപ്രായത്തിൽ തന്നെ താരമൂല്യം ഉള്ള നടൻ എന്ന പദവിയിൽ എത്തിയ നസ്ലിന് അഭിനനന്ദന പ്രവാഹമായിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് നസ്ലിൻ ചെയ്തത് എങ്കിലും എല്ലാം സൂപ്പർഹിറ്റുകൾ. ഇപ്പോഴിതാ നസ്ലന് മറ്റൊരു 100 കോടിയല്ല 200 കോടി ചിത്രം കൂടി. 2025 ഓഗസ്റ്റ് 28-ന് പുറത്തിറങ്ങിയ ലോക: അദ്ധ്യായം 1 – ചന്ദ്ര മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ്. ഒരാഴ്ചകൊണ്ട് നൂറുകോടി ക്ലബ്ബിലാണ് ചിത്രം ഇടം പിടിച്ചത്. എടാ സൂപ്പർസ്റ്റാർ എന്ന് വിളിച്ചുകൊണ്ടാണ് ദുൽഖർ നസ്ലിനെ പ്രശംസിച്ചത്. ദുൽഖർ മാത്രമല്ല ഇൻഡസ്ട്രിയിലെതടക്കം നിരവധി ആളുകൾ ലോകയിലെ അഭിനയത്തിന് നസ്ലനെ പ്രശംസിച്ച് എത്തുകയുണ്ടായി. ചെറിയ പ്രായത്തിൽ തന്നെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലൂടെ കോടീശ്വര പദവിയിലേക്ക് എത്തുന്ന നസ്ലിൻ സിനിമ സെലക്ഷൻറെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ്. ആസിഫ് അലിക്കൊപ്പം എത്തുന്ന ടിക്കി ടാക്കയിലാണ് നസ്ലൻ അടുത്തതായി അഭിനയിക്കുന്നത്.

Read more