വിജയ്ക്ക് വേണ്ടി ഒരു ഗംഭീര റാപ്പ്; 'ജനനായകനൊ'പ്പം ഹനുമാന്‍കൈന്‍ഡും

വിജയ്‌ക്കൊപ്പം ‘ജനനായകന്റെ’ ഭാഗമാകുന്നുവെന്ന് റാപ്പര്‍ ഹനുമാന്‍കൈന്‍ഡ്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ്യുടെ കരിയറിലെ അവസാനത്തെ ചിത്രമായത് കൊണ്ട് ജനനായകന്റെ വിശേഷങ്ങള്‍ എന്നും ചര്‍ച്ചയാകാറുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കഴിഞ്ഞ ദിവസം വിജയ് ഊട്ടിയിലേക്ക് പോയിക്കഴിഞ്ഞു. ഒരു തമിഴ് മാധ്യമത്തോടാണ് ഹനുമാന്‍കൈന്‍ഡ് ജനനായകനെ കുറിച്ച് സംസാരിച്ചത്.

”അനിരുദ്ധ് സംഗീതമൊരുക്കുന്ന ജനനായകനില്‍ ദളപതി വിജയ്ക്ക് വേണ്ടി മനോഹരമായ ഒരു റാപ്പ് ഗാനം ഞാന്‍ പാടിയിട്ടുണ്ട്. ഇനിയും നിരവധി പ്രോജക്ടുകള്‍ക്കായി ഞാന്‍ ചെന്നൈയിലേക്ക് വരും” എന്നാണ് ഹനുമാന്‍കൈന്‍ഡ് പറഞ്ഞിരിക്കുന്നത്.

വിജയ്‌യുടെ 69-ാമത് ചിത്രമാണ് ജനനായകന്‍. ബോബി ഡിയോള്‍, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം ഹനുമാന്‍ കൈന്‍ഡിന്റേതായി ഒടുവില്‍ പുറത്തുവന്ന റണ്‍ ഇറ്റ് അപ് എന്ന വീഡിയോ വന്‍ ഹിറ്റായി മാറിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയും കോര്‍ത്തിണക്കിയാണ് റണ്‍ ഇറ്റ് അപ് ഒരുക്കിയിരിക്കുന്നത്.