ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തില്‍ പങ്കെടുത്ത ഹന്‍സിക; വധു അടുത്ത കൂട്ടുകാരി

രാജകീയ വിവാഹമായിരുന്നു നടി ഹന്‍സികയുടെയും സൊഹെയ്ല്‍ കസ്തൂരിയുടെയും. താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിനിടെ ഹന്‍സികയെ തേടി വിവാദങ്ങളും എത്തുന്നുണ്ട്. അടുത്ത കൂട്ടുകാരിയുടെ മുന്‍ഭര്‍ത്താവിനെ വിവാഹം ചെയ്തു എന്നതാണ് പ്രധാന ആരോപണം.

സൊഹെയ്‌ലിന്റെ ആദ്യ വിവാഹത്തിന് നടി പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സൊഹെയ്ലും ഹന്‍സികയും ബിസിനസ് പാര്‍ട്ണര്‍മാരുമാണ്. ഇവര്‍ തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്. റിങ്കി ബജാജ് എന്നാണ് സൊഹെയ്ലിന്റെ മുന്‍ഭാര്യയുടെ പേര്.

ഇവരുടെതും ആര്‍ഭാട വിവാഹമായിരുന്നു. വിവാഹ തലേന്നുള്ള ചടങ്ങും മറ്റും അതിഗംഭീരമായാണ് നടത്തിയത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഹന്‍സികയും നിറസാന്നിധ്യമായി ഈ വിവാഹച്ചടങ്ങളുകളില്‍ പങ്കെടുത്തിട്ടുണ്ട്.

മുംബൈയില്‍ നിന്നുള്ള ബിസിനസുകാരനായ സൊഹെയ്ല്‍, ഹന്‍സികയുടെ ഇവന്റ് മാനേജ്മന്റ് സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ആണ്. 1985 മുതല്‍ വിദേശത്തേക്ക് വസ്ത്രം കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് സൊഹെയ്ല്‍.

രാജസ്ഥാനിലെ ജയ്പൂരിലെ കോട്ടയും കൊട്ടാരവും ചേര്‍ന്ന മുണ്ടോട്ട പാലസ് ആന്‍ഡ് ഫോര്‍ട്ടിലായിരുന്നു ഹന്‍സികയുടെയും സൊഹെയ്‌ലിന്റെയും വിവാഹം. ഒരു കാലില്‍ മുട്ടുകുത്തി നിന്നാണ് സൊഹെയ്ല്‍ ഹന്‍സികയെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഈ ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.