'കപ്പേള'യുടെ തമിഴ് റീമേക്ക് അവകാശം ഗൗതം മേനോന്

‘കപ്പേള’ സിനിമയുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കി ഗൗതം മേനോന്‍. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അന്യഭാഷാ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് തമിഴ് റീമേക്ക് അവകാശം ഗൗതം മേനോന്‍ സ്വന്തമാക്കിയത്.

സിനിമയുടെ സഹഎഴുത്തുകാരനെന്ന് അവകാശപ്പെട്ട് എത്തിയ സുധാസ് എന്നയാളായിരുന്നു ചിത്രത്തിന് എതിരെ ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ എറണാകുളം ജില്ലാ കോടതി ഹര്‍ജി തള്ളുകയായിരുന്നു. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ കപ്പേള ഏറെ പ്രശംസ നേടിയിരുന്നു.

ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അനിഖ സുരേന്ദ്രന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാലതാരമായി സിനിമയില്‍ എത്തിയ താരം നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.

നിരവധി പുസ്‌കാരങ്ങള്‍ക്ക് ചിത്രം അര്‍ഹമായിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം അന്ന ബെന്നും മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം മുഹമ്മദ് മുസ്തഫയും സ്വന്തമാക്കിയത് കപ്പേള എന്ന ചിത്രത്തിനാണ്.

ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ഡൗണ്‍ കാലത്ത് പ്രദര്‍ശനം അധികനാള്‍ നീണ്ടു നിന്നില്ല. പിന്നീട് ചിത്രം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തപ്പോള്‍ ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ ഇടയില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു.