'വിഷയത്തെ വലുതാകുന്നത് മാർക്കറ്റ് വാല്യൂ ഉണ്ടാക്കാൻ, മാപ്പ് പറയില്ല'; തന്റെ ചോദ്യത്തിൽ ബോഡി ഷെയ്മിങ് ഇല്ലെന്ന് യൂട്യൂബർ കാർത്തിക്

സിനിമ പ്രമോഷനിടെ നടി ഗൗരി ലക്ഷ്മിയെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് യൂട്യൂബർ ആർ എസ് കാർത്തിക്. ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ട് ആണെന്ന് പറഞ്ഞ ആർ എസ് കാർത്തിക് താൻ മാപ്പ് പറയില്ലെന്നും കൂട്ടിച്ചേർത്തു. തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് ഗൗരി കിഷനെ യൂട്യൂബറായ ആർ എസ് കാർത്തിക് ബോഡിഷെയ്മിങ് ചെയ്തത്.

തമിഴ് മാധ്യമത്തോടായിരുന്നു യൂട്യൂബർ ആർ എസ് കാർത്തികിന്‍റെ പ്രതികരണം. താൻ തെറ്റായ ചോദ്യമൊന്നും ചോദിച്ചിട്ടില്ലെന്നും ആർ എസ് കാർത്തിക് പറഞ്ഞു. 32 വർഷത്തെ അനുഭവസമ്പത്തുള്ള മുതിർന്ന മാധ്യമപ്രവർത്തകനാണ് താനെന്നും ജോളി ആയിരിക്കാൻ വേണ്ടിയാണ് ആ ചോദ്യം ചോദിച്ചതെന്നും കാർത്തിക് കൂട്ടിച്ചേർത്തു. എന്റെ ചോദ്യത്തിൽ ബോഡി ഷെയ്മിങ് ഇല്ല.

നടിയെ നടൻ എടുത്തുയർത്തിയെന്ന് പറഞ്ഞാൽ നാല് പേര് കൂടുതൽ തിയേറ്ററിലേക്ക് വരും. അതല്ലാതെ പിന്നെ ട്രംപിനെയും മോദിയെയും കുറിച്ച് നടിയോട് ചോദിക്കണോ? എന്നും കാർത്തിക്ക് ചോദിച്ചു. ആ നടിക്ക് മാർക്കറ്റ് ഇല്ല. മാർക്കറ്റ് വാല്യൂ ഉണ്ടാക്കാൻ വേണ്ടിയും അവരുടെ പുതിയ സിനിമ ഓടാൻ വേണ്ടിയുമാണ് അവർ ഈ വിഷയത്തെ വലുതാകുന്നതെന്നും കാർത്തിക് പറഞ്ഞു.

സിനിമയുടെ പ്രെമോഷനായുള്ള വാർത്താസമ്മേളനത്തിനിടെ സിനിമയിൽ ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു അവരുടെ ഭാരമെന്നായിരുന്നു യൂട്യൂബർ കാർത്തിക് നടനോട് ചോദിചത്തത്. എന്നാൽ ഇതിൽ പ്രകോപിതയായ ഗൗരി രൂക്ഷമായ ഭാഷയിൽ യൂട്യുബറോട് പ്രതികരിക്കുകയായിരുന്നു. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഢിത്തരമാണെന്ന് പറഞ്ഞ ഗൗരി നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു.

യൂട്യൂബർ ചോദ്യത്തെ ന്യായീകരിച്ച് സംസാരിച്ചെങ്കിലും ആ ചോദ്യം മോശമാണെന്ന നിലപാടിൽ ഉറച്ച് നിന്നു. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോടും യൂട്യൂബറോടും നടി ചോദിച്ചു. ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്‌സ് കരുതുന്നതെന്നും താനും ജേർണലിസമാണ് പഠിച്ചതെന്നും ഗൗരി കിഷൻ പറഞ്ഞു.

50 ഓളം പുരുഷന്മാരുള്ള മുറിയിൽ എനിക്ക് ഒറ്റക്ക് സംസാരിക്കേണ്ടി വന്നുവെന്നും എന്‍റെ ടീം മെമ്പേഴ്‌സ് പോലും ഒന്നും പ്രതികരിച്ചില്ലെന്നും ഗൗരി പറഞ്ഞു. അതേസമയം വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. ചോദ്യം ചോദിച്ച യൂട്യൂബറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു ഇരുവരും ശ്രമിച്ചത്.

Read more