'നടു വളഞ്ഞൊടിഞ്ഞു, എവിടെടോ തെളിവ്?'; ടൊവീനയോട് മംമ്ത

ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോറന്‍സിക്. മലയാള സിനിമാചരിത്രത്തില്‍ ഒരു ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥന്റെ കഥാപാത്രം നായകനാകുന്ന ത്രില്ലര്‍ സിനിമയെന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ടൊവീനോയുടെയും മംമ്തയുടെയും റോണിയുടെയും ചിത്രം പങ്കുവച്ച് നടന്‍ അജു വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ശ്രദ്ധ നേടിയിരിക്കുകയാണ്.

ടൊവീനോ: മാഡം, ദേ അങ്ങോട്ട് നോക്കിക്കേ, ഒരു തെളിവല്ലേ അത്?

മംമ്ത: നടു വളഞ്ഞൊടിഞ്ഞു, എവിടെടോ തെളിവ്?

റോണി: ഉം ഉം കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്.

ഇത്രയും തമാശയ്ക്കു പറഞ്ഞതാണെങ്കിലും സിനിമയുടെ ട്രെയിലര്‍ തന്നെ ത്രില്ലടിപ്പിച്ചെന്നും റിലീസിനായി കാത്തിരിക്കുകയാണെന്നും അജു പറയുന്നു.

മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ നായിക. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് മംമ്ത എത്തുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നതും അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ആണ് സംഗീതം. ചിത്രം നാളെ തിയേറ്ററുകളിലെത്തും.