ഫ്‌ളക്‌സ് ഹോര്‍ഡിങ് വീണ് യുവതി മരിച്ച സംഭവം; സിനിമക്കായി ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്ന് ഗാനഗന്ധര്‍വ്വന്‍ ടീം

മമ്മൂട്ടി നായകാനാകുന്ന രമേഷ് പിഷാരടി ചിത്രമായ “ഗാനഗന്ധര്‍വ്വന്റെ” പുതിയ തീരുമാനത്തിന് കൈയ്യടിച്ച് സിനിമാലോകം. ചിത്രത്തിന്റെ പ്രെമോഷനായി ഫ്‌ളക്‌സ് ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്ന തീരുമാനമാണ് അണിയറപ്രവര്‍ത്തകര്‍ എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്‌ളക്‌സ് ഹോര്‍ഡിങ് വീണ് ചെന്നൈയില്‍ യുവതി മരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

മമ്മൂട്ടി, സംവിധായകന്‍ രമേഷ് പിഷാരടി, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്. അതിനാല്‍ ചിത്രത്തിന്റെ പ്രെമോഷനായി പോസ്റ്ററുകള്‍ മാത്രമാണ് ഉപയോഗിക്കുക. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. ശ്രീലക്ഷ്മി ആര്‍, ശങ്കര്‍ രാജ് ആര്‍, രമേഷ് പിഷാരടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്.