സെക്കന്‍ഡ് ഷോ വിഷയം; സർക്കാർ തീരുമാനത്തിന് കാത്തിരിക്കാമെന്ന് ഫിലിം ചേംബർ

സിനിമ മേഖലയിലെ  സെക്കന്‍ഡ് ഷോ വിഷയത്തിൽ സർക്കാർ തീരുമാനത്തിനായി കാത്തിരിക്കാമെന്ന് ഫിലിം ചേംബർ മറ്റ് സംഘടനകളെ അറിയിച്ചു. ശനിയാഴ്ച ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇലക്ഷൻ പ്രഖ്യാപിച്ചതിനാൽ  നിലവിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച സാധ്യമല്ല.   അതിനാലാണ് ചീഫ് സെക്രട്ടറിയെ കാണുവാൻ തീരുമാനമായത്.

കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ പുതിയ ഇളവുകൾ ആവശ്യപ്പെട്ട് ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ സിനിമ വ്യവസായം വൻനഷ്ടത്തിലാണെന്ന് ഫിലിം ചേംബർ കത്തിൽ പറയുന്നു.

തിയേറ്റർ കളക്ഷന്റെ ഏറിയ പങ്കും ലഭിക്കുന്നത് സെക്കന്‍ഡ് ഷോയിൽ നിന്നാണ്. അതിനാൽ സെക്കന്‍ഡ് ഷോ കൂടെ അനുവദിക്കണമെന്ന് ഫിലിം ചേംബറിന്റെ കത്തിൽ പറയുന്നു.