സിനിമാട്ടോഗ്രാഫ് ആക്ട് നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്രം പിന്മാറണം; നിയമ ഭേദഗതിയില്‍ ആശങ്കയെന്ന് ഫെഫ്ക

സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മലയാള സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. നിയമഭേദഗതിയില്‍ വലിയ ആശങ്കയുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണ് കരടെന്നും തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു.

കേരള ചലച്ചിത്ര അക്കാദമിയും നടന്‍ മുരളി ഗോപിയും സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതിക്ക് എതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. സെന്‍സര്‍ഷിപ്പ് തന്നെ ആവശ്യമില്ലാത്ത കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറയുന്നത്.

ഈ നിയമ ഭേദഗതിക്കെതിരെ സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും കമല്‍ മീഡിയാവണ്ണിനോട് പ്രതികരിച്ചു. സമൂഹത്തിന്റെ ആത്മവിശ്വാസമില്ലായ്മയാണ് സെന്‍സര്‍ഷിപ്പിലൂടെ പ്രതിഫലിക്കുന്നത് എന്ന അമേരിക്കന്‍ അഭിഭാഷകന്റെ പരാമര്‍ശം പങ്കുവെച്ചായിരുന്നു മുരളി ഗോപിയുടെ പ്രതികരണം.

“”ബലേ ഭേഷ്! ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ”” എന്നാണ് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സേ നോ ടു സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗ് പങ്കുവെച്ചായിരുന്നു താരത്തിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന് സിനിമകളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ അധികാരം നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ കരട് ബില്‍.

Read more

സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയാലും സര്‍ക്കാരിന് ആവശ്യമെങ്കില്‍ സിനിമ വീണ്ടും പരിശോധിക്കാന്‍ ബില്ലിലൂടെ അധികാരം ലഭിക്കും. ചട്ടവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയാലും അത് റദ്ദാക്കാന്‍ സര്‍ക്കാരിന് സാധിക്കും.