'കപ്പേള' നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും പുറത്ത്! ട്വിറ്ററില്‍ വ്യാപക പ്രചാരണം

മികച്ച സ്വീകാര്യത നേടി മുന്നേറുന്ന മലയാള ചിത്രം “കപ്പേള” നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും പിന്‍വലിച്ചതായി ട്വീറ്റുകള്‍ പ്രചരിക്കുന്നു. മാര്‍ച്ച് 6-ന് തിയേറ്ററിലെത്തിയ ചിത്രം കോവിഡ് ലോക്ഡൗണിനിടെ പ്രദര്‍ശനം നിര്‍ത്തി വെച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ 22-ന് ആണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുന്നതിനിടെയാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും പിന്‍വലിച്ചതായി ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും പിന്‍വലിച്ചിട്ടില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ അവാര്‍ഡ് ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം.