ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശാനാനുമതിയില്ല; 'ആടുജീവിത'ത്തിന് നിരോധനം!

‘ആടുജീവിതം’ സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശാനാനുമതിയില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രമേ സിനിമയ്ക്ക് പ്രദര്‍ശാനാനുമതി നല്‍കിയിട്ടുള്ളു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ആടുജീവിതം മൊഴിമാറ്റം ചെയ്തിട്ടുണ്ടെങ്കിലും നിലവില്‍ മലയാളം പതിപ്പ് മാത്രമേ യുഎഇയില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ.

നൂണ്‍ഷോയോട് കൂടിയാണ് യുഎഇയില്‍ എല്ലായിടത്തും പ്രദര്‍ശനം ആരംഭിക്കുക. ജനപ്രിയമായ ബെന്യാമിന്റെ ‘ആടുജീവിതം’ നോവല്‍ സിനിമ ആകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആടുമേയ്ക്കുന്ന ജോലിക്കായി സൗദി അറേബ്യയിലെത്തി മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുന്ന നജീബിന്റെ അതിജീവനമാണ് നോവല്‍.

ബഹ്‌റൈനില്‍ പ്രവാസിയായിരുന്ന കാലത്ത് ബെന്യാമിന്‍ നജീബില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളാണ് 2008ല്‍ നോവലായി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളില്‍ പുസ്തകം വിവര്‍ത്തനം ചെയ്ത നോവല്‍ ഗള്‍ഫില്‍ നിരോധിക്കപ്പെട്ടിരുന്നു.

നജീബിനെ അറബി കൊണ്ടുപോയി മരുഭൂമിയില്‍ തള്ളുന്നതും ഭക്ഷണം പോലും നല്‍കാതെ പണി എടുപ്പിക്കുന്നതാണ് നോവല്‍ ഗള്‍ഫില്‍ നിരോധിക്കാന്‍ കാരണമായത്. അതുകൊണ്ട് തന്നെ ആടുജീവിതം യുഎഇയില്‍ കൂടി നിരോധിക്കുമോ എന്ന ആശങ്കയിലാണ് സിനിമാസ്വാദകര്‍.