എക്കാലവും സിനിമാ പ്രേമികളിൽ ആവേശ തിരയിളക്കുന്ന ചിത്രങ്ങളാണ് ഗൗതം വാസുദേവ് മേനോന്റേതായി പുറത്ത് വന്നിട്ടുള്ളത്. ചില ചിത്രങ്ങളാകട്ടെ ചിത്രീകരണം അനന്തമായി നീണ്ടുപോയി ഒടുവിൽ ആരാധകരിൽ സങ്കടം മാത്രം ബാക്കിയാക്കിയവയുമാണ്. ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം ധ്രുവനച്ചത്തിരവും അത്തരത്തിൽ സിനിമാ പ്രേമികളെ കാത്തിരിപ്പിന്റെ പരകോടിയിലെത്തിച്ച സിനിമയാണ്. 2016 ജൂണിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഓരോ അപ്ഡേറ്റിനും ഇപ്പോഴും ആരാധകർ ആവേശത്തോടെയാണ് പ്രതികരിക്കുന്നത്.
ഏറെ വർഷങ്ങളായി വളരെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. ഇത് ചെറുതല്ലാത്ത നിരാശയാണ് സിനിമാസ്വാദകർക്കിടയിൽ ഉണ്ടാക്കിയത്. 2016ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമയ്ക്ക് ഇതുവരെയും പ്രേക്ഷകരുടെ മുന്നിൽ എത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ സിനിമയുടെ റിലീസിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് ചർച്ചയാകുന്നത്. മാർച്ച് 19ന് ധ്രുവനച്ചത്തിരം തിയേറ്ററുകളിൽ എത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സിനിമയുടെ റീലീസ് സംബന്ധിച്ച നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇപ്പോൾ പ്രചരിക്കുന്നുണ്ട്. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ റിലീസ് തീയതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണം ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല.
അതേസമയം, സിനിമയെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന പ്രശ്നങ്ങൾ എല്ലാം അവസാനിച്ചു എന്നും റിലീസ് തീയതി ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണെന്നും തന്റെ സിനിമാ ജീവിതത്തിലെ 25-ാം വാർഷികാഘോഷ വേളയിൽ ഗൗതം മേനോൻ പറഞ്ഞിരുന്നു. ‘എനിക്ക് സ്കെച്ച് വെക്കുകയാണോ. പടം ഉറപ്പായും റിലീസാകും അതിനെക്കുറിച്ചുള്ള അനൗൺസ്മെന്റ് മറ്റൊരു വേദിയിൽ ഉണ്ടാകും. ഉടൻ തന്നെ സിനിമ വരും. ഈ വർഷം തന്നെ സിനിമ വരും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് ചിത്രത്തിൽ വിക്രം വേഷമിടുന്നത്. വിക്രമിനോടൊപ്പം മലയാളത്തിൽ നിന്ന് വിനായകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വൻ താരനിരയാണ് താരത്തോടൊപ്പം ധ്രുവനച്ചത്തിരത്തിൽ എത്തുക. ഹാരിസ് ജയരാജ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റാണ്.
Read more
2025ൽ സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു ഏറ്റവും ഒടുവിൽ ഗൗതം മേനോൻ പറഞ്ഞത്. ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റ് റിലീസായി എത്തുമെന്നായിരുന്നു അന്ന് പറഞ്ഞത്. എന്തായാലും കാത്തിരിക്കുന്ന വിക്രം ആരാധകർക്കും ജിവിഎം ആരാധകർക്കും സിനിമയുമായി ബന്ധപ്പെട്ടുള്ള ഇപ്പോഴത്തെ വാർത്തകൾ പ്രതീക്ഷ നൽകുകയാണ്.








