'ഈ സി.ഐ.ഡി രാംദാസിന് എന്താണിപ്പോള്‍ വേണ്ടത്? നിങ്ങളാണോ എന്റെ നമ്പര്‍ ഇയാള്‍ക്ക് കൊടുത്തത്'; പൃഥ്വിരാജിനോട് ദുല്‍ഖര്‍

പൃഥ്വിരാജിനോട് ദുല്‍ഖര്‍ ഉന്നയിക്കുന്ന രസകരമായ ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പൃഥ്വിരാജ് ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ഭ്രമം ട്രെയ്ലറിലെ ഒരു ഡയലോഗിനെ കുറിച്ചാണ് ദുല്‍ഖറിന്റെ പോസ്റ്റ്. ചിത്രത്തിന്റെ ട്രെയ്ലറില്‍ പൃഥ്വിരാജ് ‘ഞാന്‍ സി.ഐ.ഡി രാംദാസ്’ എന്ന പറയുന്ന ഭാഗമുണ്ട്.

ആ ഭാഗം ലാപ്ടോപ്പിലിട്ട് ആരെയോ വിളിക്കുന്ന ഭാവത്തിലാണ് ദുല്‍ഖറിന്റെ പോസ്റ്റ്. ”ഈ സിഐഡി രാംദാസിന് എന്താണിപ്പോള്‍ വേണ്ടത്. പൃഥ്വി, നിങ്ങളാണോ എന്റെ നമ്പര്‍ ഇയാള്‍ക്ക് കൊടുത്തത്” എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

”അതിനിടയില്‍ മികച്ച രീതിയില്‍ കുറുപ്പിന്റെ പ്രൊമോഷനും നടക്കുന്നുണ്ടല്ലോ” ഒരു കമന്റ്. ”ലാലേട്ടനോട് ചോദിക്കൂ ആരാണ് രാംദാസ്” എന്നും ചിലര്‍ കമന്റ് ചെയ്യുന്നു. അതേസമയം, ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഭ്രമത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അന്ധാദുന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ഭ്രമം.

ഛായാഗ്രാഹകന്‍ കൂടിയായ രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അന്ധനായ പിയാനോ പ്ലെയറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തിയത്. മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, തെലുങ്കു താരം റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.