സസ്‌പെന്‍സ് ലീക്കാകാതിരിക്കാന്‍ മുന്‍കരുതല്‍; ദൃശ്യം 3 ഹിന്ദിയും മലയാളവും ഒന്നിച്ചെത്തും

തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ബോളിവുഡിന് കൈത്താങ്ങായി അജയ് ദേവ്ഗണിന്റെ ‘ദൃശ്യം 2’ വിജയ പ്രദര്‍ശനം തുടരുമ്പോള്‍, സിനിമയുടെ അടുത്ത ഭാഗത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ഹിറ്റ് ഫ്രാഞ്ചൈസിയായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഥയിലെ സസ്‌പെന്‍സ് ലീക്ക് ആകാതിരിക്കാന്‍ ഒരുമിച്ച് ഷൂട്ടിംഗ് ആരംഭിച്ച് ഒരേ സമയം റിലീസിനെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’. കേരള ബോക്സ് ഓഫീസില്‍ കോടികള്‍ നേടിയ ചിത്രം രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. സൈപ്റ്റംബര്‍ 18ന് തിയേറ്റര്‍ റിലീസ് ആയി എത്തിയ ചിത്രം ആദ്യ മൂന്ന് ദിവസം കൊണ്ട് നേടിയത് 63.9 കോടി രൂപയാണ്.

മൂന്നാം ഭാഗത്തേക്കുറിച്ചുള്ള ആലോചന നേരത്തെ ഉള്ളതാണെന്നും ബോളിവുഡിലെ വിജയം ആ തീരുമാനത്തെ അരക്കെട്ടുറപ്പിച്ചു എന്നുമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ദൃശ്യം മൂന്നാം ഭാഗത്തേക്കുറിച്ചുള്ള ചര്‍ച്ച മലയാളത്തില്‍ നേരത്തെ തുടങ്ങിയതാണ്.

Read more

ജീത്തു ജോസഫ് – മോഹന്‍ലാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ഹിന്ദിയില്‍ എത്തിയപ്പോള്‍, ആദ്യ ഭാഗം സംവിധാനം ചെയ്തത് അന്തരിച്ച സംവിധായകന്‍ നിഷികാന്ത് കാമത്തും രണ്ടാം ഭാഗത്തിന്റെ സംവിധാനം അഭിഷേക് പഥകും ആയിരുന്നു. മൂന്നാം ഭാഗവും പഥക് തന്നെ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.