'ഈ പോസ്റ്റില്‍ ഒരു തെറ്റ് കണ്ടു, അതിന്റെ സത്യാവസ്ഥ അറിയുന്നതിന് വേണ്ടി മാത്രം ചോദിക്കുകയാണ്..'; വിനയനോട് ആരാധകന്‍, മറുപടി

വിനയന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു രാക്ഷസരാജാവ്. ദാദാസാഹിബ് എന്ന ചിത്രത്തിനു ശേഷം വിനയനും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ഈ ചിത്രവും ബോക്‌സോഫീസില്‍ വിജയം നേടി. രാക്ഷസരാജാവ് റിലീസിന്റെ 20-ാം വാര്‍ഷിക ദിനത്തില്‍ സിനിമ തുടങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന് താഴെ എത്തിയ കമന്റും അതിന് വിനയന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത് യൂസഫലി സര്‍ എന്നായിരുന്നു വിനയന്‍ കുറിച്ചത്. എന്നാല്‍ എസ്. രമേശന്‍ നായര്‍ ആണ് ഗാനങ്ങള്‍ രചിച്ചത്. ഈ തെറ്റാണ് ഒരു സിനിമാപ്രേമി ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് വിനയന്‍ തെറ്റ് തിരുത്തുകയും ചെയ്തു.

കമന്റ്:

ഹായ് ഈ പോസ്റ്റില്‍ ഒരു തെറ്റു കണ്ടു അതിന്റെ സത്യാവസ്ഥ അറിയുന്നതിന് വേണ്ടി മാത്രം. പോസ്റ്റില്‍ പറഞ്ഞത് പോലെ മറ്റ് ഗാനങ്ങളുടെ രചന നിര്‍വഹിച്ചത് യുസഫ് അലി സാര്‍ ആണെങ്കില്‍ എന്ത് കൊണ്ടാണ് എസ് രമേശന്‍ നായര്‍ സാറിന്റെ പേര് ക്രെഡിറ്റ് ചെയ്തിരിക്കുന്നത്. ഇവിടെ ആര്‍ക്കാണ് തെറ്റുപറ്റിയിരിക്കുന്നത്? താങ്കള്‍ക്കാണെങ്കില്‍ തെറ്റ് തിരുത്തുവാന്‍ അപേക്ഷിക്കുന്നു.

മറുപടി:

താങ്കള്‍ പറഞ്ഞതു ശരിയാണ്, ദാദാസാഹിബ് ആയിരുന്നു യൂസഫലിക്ക എഴുതിയത്, രമേശന്‍ ചേട്ടനായിരുന്നു രാക്ഷസരാജാവിലെ മറ്റു ഗാനങ്ങള്‍ എഴുതിയത്..തെറ്റു പറ്റിയതാണ്.