മാര്‍ക്കോണി മത്തായി ഒരു ഫീല്‍ഗുഡ് മൂവി, ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ വന്നുപെടുന്ന കാര്യങ്ങളുടെ സിനിമാറ്റിക് അവതരണം; സനില്‍ കളത്തില്‍

ജയറാം വിജയ് സേതുപതി ചിത്രം മാര്‍ക്കോണി മത്തായി ഒരു ഫീല്‍ഗുഡ് മൂവിയായിരിക്കുമെന്ന് സംവിധായകന്‍ സനില്‍ കളത്തില്‍. സമയം മലയാളവുമായുള്ള അഭിമുഖത്തിലാണ് സംവിധായകന്‍ മനസ്സുതുറന്നത്. മാര്‍ക്കോണി മത്തായി ഒരു ഫീല്‍ ഗുഡ് മൂവിയായിരിക്കും. ആര്‍ക്കും സ്വസ്ഥമായിരുന്ന് കാണാനാവുന്ന ആരെയും ബുദ്ധിമുട്ടിക്കാത്ത ഒരു ചിത്രം. വിന്റേജ് ജയറാമേട്ടന്റെ തിരിച്ചുവരവ്. ഇപ്പോള്‍ തന്നെയിറങ്ങിയ ട്രെയിലറും പാട്ടുകളും 20 ലക്ഷത്തോളം പേര്‍ കണ്ട് കഴിഞ്ഞിട്ടുണ്ട്. നല്ല റെസ്‌പോണ്‍സാണ് ലഭിക്കുന്നത്. ഫീല്‍ ഗുഡ്  സിനിമകള്‍ കാണാന്‍ ആളുകള്‍ക്ക് ഇഷ്ടമാണല്ലോ.
ഒരു സാധാരണക്കാരനായ മനുഷ്യന്റെ ജീവിതത്തിലേക്ക് വന്നുപെടുന്ന കാര്യങ്ങളുടെ സിനിമാറ്റിക് അവതരണം അതാണ് മാര്‍ക്കോണി മത്തായി. സനില്‍ പറഞ്ഞു.

ജയറാമും മക്കള്‍ സെല്‍വനും മലയാളത്തില്‍ ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെയാണ്. ആത്മീയയാണ് ചിത്രത്തിലെ നായിക. സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്.

സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. അജു വര്‍ഗീസ്, ജോയ് മാത്യു, സുധീര്‍ കരമന, മാമുക്കോയ, അനീഷ്,കലാഭവന്‍ പ്രജോദ്, ഇടവേള ബാബു, മല്ലിക സുകുമാരന്‍, ശശി കലിംഗ, ടിനി ടോം തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.