കാക്കിയണിഞ്ഞ് സംവിധായകന്‍ രഞ്ജിത്ത്; 'ഉണ്ട'യിലെ ക്യാരക്ടര്‍ പോസ്റ്റര്‍

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ഉണ്ടയില്‍ ഒരു പ്രധാന കഥാപാത്രമായി സംവിധായകന്‍ രഞ്ജിത്തും. മമ്മൂട്ടി അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ സുപ്പീരിയര്‍ ഓഫീസറായാണ് ചിത്രത്തില്‍ രഞ്ജിത്ത് എത്തുക. സി.ഐ മാത്യൂസ് ആന്റണി എന്നാണ് രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രഞ്ജിത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളത്തിനു ശേഷം ഖാലിദ് റഹമാന്‍ ഒരുക്കുന്ന ചിത്രം ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് പറയുന്നത്. ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. സജിത് പുരുഷനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബോളിവുഡില്‍ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.