എന്റെ അടുത്ത സിനിമയില്‍ രേണുക പാടും: സംവിധായകന്‍ മിഥുന്‍ മാനുവല്‍

“രാജഹംസമേ” എന്ന ഗാനം ആലപിച്ച് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായ വയനാട് സ്വദേശി രേണുക തന്റെ അടുത്ത സിനിമയില്‍ പാടുമെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ഗോത്രമേഖലയിലെ കലാകാരന്‍മാരെ പരിചയപ്പെടുത്തുന്നതിനായി ആരംഭിച്ച കെല്‍സയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് രേണുകയുടെ വീഡിയോ എത്തിയത്.

“”ഇത് രേണുക.. വയനാട്ടുകാരിയാണ്.. ഒരുപാട് പിന്നാക്ക അവസ്ഥയില്‍ നിന്ന് ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന കൊച്ചുമിടുക്കി.. മലയാളം രണ്ടാം ഭാഷ മാത്രമായ, പണിയ ഗോത്ര വിഭാഗത്തില്‍ പെടുന്ന കലാകാരി.. A Village Superstar.. എന്റെ പാട്ടുകളുള്ള അടുത്ത സിനിമയില്‍ രേണുക ഒരു പാട്ട് പാടും.. ഇഷ്ടം.. സ്‌നേഹം, സുഹൃത്തുക്കള്‍ വയനാട്ടില്‍ നിന്നും ചെയ്തു അയച്ചു തന്ന വീഡിയോ”” എന്നാണ് സംവിധായകന്‍ കുറിച്ചത്.

മാനന്തവാടി കോണ്‍വെന്റ് കുന്ന് കോളനിയിലെ ഷീറ്റ് കൊണ്ട് മറച്ച കുഞ്ഞ് കൂരയിലാണ് രേണുകയും കുടുംബവും താമസിക്കുന്നത്. പത്താം ക്ലാസുകാരിയാണ് രേണുക. അച്ഛന്റെ പാട്ടു കേട്ടാണ് താന്‍ പാട്ടു പഠിച്ചതെന്നും വീഡിയോയില്‍ രേണുക പറയുന്നുണ്ട്.

“അഞ്ചാം പാതിര” ആണ് മിഥുന്‍ സംവിധാനം ചെയ്ത് ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ സിനിമ. “ഓം ശാന്തി ഓശാന” എന്ന സിനിമയുടെ തിരക്കഥയൊരുക്കിയാണ് മിഥുന്‍ സിനിമാ രംഗത്തെത്തിയത്. “ആട്”, “ആന്‍മരിയ കലിപ്പിലാണ്”, “ആട് 2”, “അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്” എന്നിവയാണ് മിഥുന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.