ആത്മീയതയുടെ നറുവെട്ടം പരത്തുന്ന ജി. അരവിന്ദന്‍ സിനിമകളിലൂടെ

ജി.അരവിന്ദനെയും കടന്ന് മലയാള സിനിമ മുന്നോട്ടു പോയിട്ട് ഈ മാസം പതിനഞ്ചാം തീയതി വരുമ്പോള്‍ വര്‍ഷം ഇരുപത്തിയെട്ടു തികയുന്നു. -ഇങ്ങനെ പറയുന്നത് ശരിയല്ലെന്നു തോന്നിയേക്കാം. അരവിന്ദനെ കടന്നാണോ മലയാള സിനിമ പോന്നത്? അല്ല. അരവിന്ദനും മലയാള സിനിമയും വേറിട്ട വഴികളിലായിരുന്നു. സിനിമ കലയായി മാത്രം കണ്ടിരുന്ന മറ്റു സിനിമാ സംവിധായകരില്‍ നിന്നു പോലും അരവിന്ദന്‍ ചിത്രങ്ങള്‍ എല്ലാ അര്‍ഥത്തിലും വിട്ടു നിന്നു. മൗലികമായൊരു ദൃശ്യബോധത്തിന്റെ ഒറ്റപ്പെട്ട ഒരു ദ്വീപായിരുന്നു മലയാള സിനിമയിലെന്നും ജി. അരവിന്ദന്‍.

1935 ജനുവരി ഒന്നിന് കോട്ടയത്താണ് അരവിന്ദന്റെ ജനനം. അഛന്‍ പ്രശസ്തനായ ഹാസസാഹിത്യകാരന്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍. കോട്ടയത്തും കുമരകത്തുമൊക്കെയായിരുന്നു അരവിന്ദന്‍ ചെറുപ്പകാലം കൂടുതലും കഴിച്ചു കൂട്ടിയത്. അക്കാലത്തേ ഉള്ളില്‍ മായാതെ നിന്ന കുമരകത്തിന്റെ ദൃശ്യഭംഗിയാകാം അരവിന്ദനെ പില്‍ക്കാലത്ത് ചിത്രകലയിലേക്കാനയിച്ചത്. തന്റെ സിനിമകളിലെ ചേതോഹരമായ പ്രകൃതിഭംഗിക്ക് -ഒരുപക്ഷേ, ചെറുപ്പത്തിലേ കണ്ടു വളര്‍ന്ന ആ കുട്ടനാടന്‍ ഭംഗിക്ക് അരവിന്ദന്‍ കടപ്പെട്ടിരിക്കാം.

ചിത്രകലയില്‍ നിന്നു തുടക്കം

വീടിന്റെ ചുവരില്‍ കാര്‍ട്ടൂണുകള്‍ കോറിയിട്ടു കൊണ്ടായിരുന്നു അരവിന്ദന്റെ കലാ ജീവിതത്തിന്റെ തുടക്കം. അഛന്‍ എം.എന്‍. ഗോവിന്ദന്‍ നായരില്‍ നിന്നു പകര്‍ന്നു കിട്ടിയ നര്‍മബോധവും അരവിന്ദനു കാര്‍ട്ടൂണ്‍ രചനയില്‍ തുണയായി. അറുപതുകളില്‍ തന്നെ അരവിന്ദന്‍ ഒരു ശ്രദ്ധേയനായ കാര്‍ട്ടൂണിസ്റ്റായി മാറി. 1961 മുതല്‍ 1973 വരെ കേരളം ഇന്നോളം കണ്ട ഏറ്റവും മികച്ച കാര്‍ട്ടൂണ്‍ പരമ്പരയ്ക്ക് ആവിഷ്‌കാരം നല്‍കി. ‘ചെറിയ മനുഷ്യരും വലിയ ലോകവും’. മലയാളത്തിലെ എന്നല്ലാ ലോകത്തിലെ തന്നെ ആദ്യത്തെ കാര്‍ട്ടൂണ്‍ നോവലായിട്ടാണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ വിലയിരുത്തപ്പെട്ടത്. മാതൃഭൂമി ആഴ്്ചപ്പതിപ്പ് തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച ആ കാര്‍ട്ടൂണ്‍ പരമ്പരയിലെ നായക കഥാപാത്രങ്ങളായ ‘രാമു’വും ‘ഗുരുജി’യും അറുപത്-എഴുപതുകളിലെ സാഹിത്യ- കലാ ബോധമുള്ള ചെറുപ്പക്കാരെ മുഴുവനും ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ഇടതുപക്ഷ ആശയമുള്ള തികച്ചും സാധാരണക്കാരനായിരുന്ന രാമു ക്രമത്തില്‍ കുത്തകമുതലാളിത്തവുമായി ഇണങ്ങി അവരില്‍ ഒന്നായി മാറുന്നത്് ആ കാര്‍ട്ടുണ്‍ പരമ്പരയുടെ ആരാധകരില്‍ ഏറെപ്പേരെയും ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. ഇന്നോര്‍ത്താല്‍, വരാനിരിക്കുന്നൊരു കാലത്തെ അരവിന്ദന്‍ മുന്‍കൂട്ടി കണ്ടതേയുള്ളു എന്നു കരുതാം. ഒ.വി. വിജയന്‍ ‘ഖസാക്കിന്റെഇതിഹാസത്തില്‍ സൂചിപ്പിച്ചതു പോലെ. കലാബോധത്തിലും കമ്യൂണിസത്തെ കുറിച്ചുള്ള പ്രവചനാത്മ്കമായ ചില കാഴ്ചപ്പാടുകളിലും വിജയനുമായി അരവിന്ദന്‍ സാമ്യപ്പെട്ടിരുന്നു. ‘ഖസാക്കിന്റെ ഇതിഹാസ’ത്തില്‍ ശിവരാമന്‍ നായരുടെ പാടത്ത് തൊഴിലാളിസ്ത്രീകള്‍ക്ക് ഇപ്പോഴും മാറു മറയ്്ക്കാന്‍ പാടില്ലാ എന്ന് കാര്യം കൊഴണശ്ശേരിയില്‍ നിന്നുള്ള സഖാക്കള്‍ പറയുമ്പോള്‍ രവി ചിരിച്ചു കൊണ്ടു ചോദിക്കുന്നു: ‘അതു നല്ലതല്ലേ?’

അതേ സിനിക്കലായ നര്‍മം അരവിന്ദന്റെ ‘ഉത്തരായന’ത്തിലുണ്ട്. അരവിന്ദന്റെ നായകന്റെ പേരും രവി എന്നു തന്നെ. രവിയോടു മറ്റൊരു കഥാപാത്രം ചോദിക്കുന്നു: ‘താന്‍ ചെഗുവേരയുടെ അവസാനത്തെ കത്ത് വായിച്ചിട്ടുണ്ടോ?’ രവിയുടെ മറുപടി.- ‘ഞാന്‍ മറ്റുള്ളവരുടെ കത്തുകള്‍ വായിക്കാറില്ല’. അന്നത്തെ രാഷ്ട്രീയ പരിതോവസ്ഥയില്‍ നിന്നു കൊണ്ട് വരും കാലത്തേക്ക് രണ്ടു രവിമാരും എറിഞ്ഞത് ഒരേ നോട്ടം തന്നെയായിരുന്നു എന്നു ചുരുക്കം. ‘ചെറിയ മനുഷ്യരും വലിയ ലോകവും’ മറ്റു രണ്ടു കാര്‍ട്ടൂണ്‍ പരമ്പരകള്‍ക്കു കൂടി അരവിന്ദന്‍ പിറവി നല്‍കി. അതിലെ രാമുവിനെ മുന്‍നിര്‍ത്തി, ‘രാമുവിന്റെ സാഹസിക യാത്രകളും’ ഗുരുജി കേന്ദ്രമാക്കിയുള്ള ‘ഗുരുജി’ എന്ന കാര്‍ട്ടൂണും അരവിന്ദനില്‍ നിന്നുണ്ടായി.

കോഴിക്കോട്ടെ ജീവിതവും ആദ്യസിനിമയും

റബ്ബര്‍ ബോര്‍ഡില്‍ ഇന്‍സ്‌പെക്റ്ററായുള്ള ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി അരവിന്ദന്‍ കോഴിക്കോട്ടെത്തിയത് കാര്‍ട്ടൂണിലും ചിത്രകലയിലും നിന്നൊക്കെ ചലച്ചിത്രത്തിലേക്കു വരാനിടയാക്കി. അന്നു കോഴിക്കോട്ടുണ്ടായിരുന്ന അതിവിശാലമായ ഒരു പ്രതിഭാവലയത്തില്‍ അരവിന്ദനും ഇടം കിട്ടി. എംടി, തിക്കോടിയന്‍, പട്ടത്തുവിള, എം.വി ദേവന്‍ തുടങ്ങി ഒട്ടേറെ എഴുത്തുകാരും കലാകാരന്‍മാരും ഉള്‍പ്പെട്ട ആ കലാസംഘത്തില്‍ നിന്നാണ് അരവിന്ദന്റെ ചലച്ചിത്ര ചിന്തകള്‍ തിരി നീട്ടിയത്.

കേരളത്തില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനം രൂപം കൊണ്ടു തുടങ്ങിയ കാലം. ഐസന്‍സ്റ്റീന്റെയും ബര്‍ഗ്മാന്റെയും സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഗൗരവമായ ചലച്ചിത്ര ചിന്തകള്‍ക്കു തുടക്കമിട്ടു. പി.എന്‍ മേനോന്‍ അതിനകം തന്നെ അവതരിപ്പിച്ച വ്യത്യസ്തമായൊരു സിനിമാ അവബോധത്തിലേക്ക് എംടിയുടെ നിര്‍മാല്യവും അടൂരിന്റെ സ്വയം വരവും വന്നു കഴിഞ്ഞിരുന്നു. ആര്‍ട്് ഫിലിം എന്നു പില്‍ക്കാലത്ത് വിളിക്കപ്പെട്ട ആ കൂട്ടത്തിലേക്ക് വന്ന ആദ്യ അരവിന്ദന്‍ സിനിമയാണ് ‘ഉത്തരായണം.’

ഉത്തരായണം

‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന തന്റെ കാര്‍ട്ടണ്‍ പരമ്പരയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് 1974-ല്‍ അരവിന്ദന്‍ ‘ഉത്തരായണ’ത്തിനു തുടക്കമിട്ടത്. പ്രശസ്ത കഥാകൃത്ത് പട്ടത്തു വിള കരുണാകരന്‍, ചിത്രകാരന്‍ എംവി ദേവന്‍, നാടകകൃത്ത് തിക്കോടിയന്‍ തുടങ്ങിയവരുടെ പ്രേരണയുമുണ്ടായി. ഏകദേശരൂപമായപ്പോള്‍ ചിത്രം സംവിധാനം ചെയ്യാന്‍ അരവിന്ദന്‍ അടൂരിനെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും എഴുത്തുകാര്‍, ചിത്രകാരന്‍മാര്‍ തുടങ്ങിയവരും സംവിധാനരംഗത്തേക്കു വരണമെന്നാവശ്യപ്പെട്ട് അടൂര്‍ ആ ദൗത്യം അരവിന്ദനെ തന്നെ ഏല്‍പ്പിക്കുകയായിരുന്നു. സിനിമയെടുത്ത് മുന്‍ പരിചയമില്ലാത്ത അരവിന്ദന്‍ അങ്ങനെ ആ പ്രോജക്റ്റുമായി മുന്നോട്ടു പോയി. പട്ടത്തുവിള നിര്‍മാതാവായി. തിക്കോടിയനും അരവിന്ദനും ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതി. മങ്കട രവി വര്‍മയുടേതായിരുന്നു ഛായാഗ്രഹണം. ആര്‍ടിസ്റ്റ് നമ്പൂതിരി കലാസംവിധായകനായി. ചത്രത്തില്‍ ബാലന്‍ കെ. നായരുടെ കഥാപാത്രം മരിച്ചു വീട്ടു വരാന്തയില്‍ ഉറുമ്പുകള്‍ പൊതിഞ്ഞ് കിടക്കുന്ന ദൃശ്യം ആ നടന്റെ സഹനത്തിന്റെ മികവിന്റെ പേരിലും ഓര്‍മയില്‍ നില്‍ക്കുന്നതായി. കവി ജി. കുമാരപിള്ള ഗാനരചനയും എം.ബി. ശ്രീനിവാസനും കെ.രാഘവനും സംഗീതവും നിര്‍വഹിച്ചു. യേശൂദാസിന്റ ‘ഹൃദയത്തിന്‍ രോമാഞ്ചം സ്വരരാഗ ഗംഗയായ്’ എന്നു തുടങ്ങുന്ന ഗാനം മറക്കാനാവില്ല. ഡോ. മോഹന്‍ദാസ്, സുുകുമാരന്‍, മല്ലികാ സുകുമാരന്‍, ബാലന്‍ കെ.നായര്‍, കുഞ്ഞാണ്ടി, അടൂര്‍ ഭാസി, തുടങ്ങിയവര്‍ വേഷമിട്ടു. എഴുപതുകളില്‍ നോവല്‍-ചെറുകഥാ സാഹിത്യത്തില്‍ കാക്കനാടനും മുകുന്ദനുമൊക്കെ രൂപം നല്‍കിയ തൊഴില്‍ രഹിത, അസ്തിത്വാന്വേഷികളായ നായകസങ്കല്‍പ്പത്തോടു ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു ഉത്തരായണത്തിലെ നായകനായ രവിയും. സ്വാതന്ത്ര്യ സമര സ്മൃതികളും സായുധകലാപചിന്തകളും ഉള്‍ചേര്‍ന്ന ഉത്തരായണത്തിന് ആ വര്‍ഷത്തെ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ നേടാനായി. മികച്ച ചിത്രം, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, സഹനടന്‍ (ബാലന്‍ കെ. നായര്‍) കലാ സംവിധാനം എന്നിവയിലെ മികവിന്. 25-ാമത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ ലബ്ധിയുടെ ഭാഗമായുള്ള കേന്ദ്ര ബഹുമതിക്കു പുറമേ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ബഹുമതിയും ഉത്തരായണം നേടി.

അനന്യമായ അരവിന്ദന്‍ ടച്ച്

ഉത്തരായണത്തെ തുടര്‍ന്നു വന്ന അരവിന്ദന്‍-സിനിമകള്‍ക്ക് ലോക സിനിമയില്‍ തന്നെ മാതൃകകളുണ്ടായിരുന്നില്ല. ഉള്ളില്‍ കണ്ട സിനിമകളാണ് അരവിന്ദന്‍ നിര്‍മിക്കാന്‍ ശ്രമിച്ചത്. അതിന്റെ ചലച്ചിത്ര സാധ്യതകളെ കുറിച്ച് അദ്ദേഹം ഒരിക്കലും വേവലാതിപ്പെട്ടിരുന്നില്ല. സി.എന്‍ ശ്രീകണ്ഠന്‍ നായരുടെ ‘കാഞ്ചനസീത’ (1977) യായിരുന്നു രണ്ടാമത്തെ സിനിമ. ആ നാടകത്തിലെ ശ്രീരാമന്റെയും ലക്ഷ്മണന്റെയും കഥാപാത്രങ്ങളെ സ്വന്തം ദൃശ്യബോധത്തിലേക്ക് ഇറക്കി വയ്ക്കുകയാണ് അരവിന്ദന്‍ ചെയ്തത്. ശ്രീരാമന്റെ പിന്‍ഗാമികള്‍ എന്നവകാശപ്പെടുന്ന ആന്ധ്രയിലെ ഗോത്രവര്‍ഗക്കാരായ ലംബാഡികളില്‍ നിന്നാണ് അരവിന്ദന്‍ കാഞ്ചന സീതയുടെ രാമനേയും ലക്ഷ്മണനെയും കണ്ടെടുത്തത്. സീതയെ പ്രകൃതി തന്നെയായി വിഭാവന ചെയ്തിരുന്നതിനാല്‍, നായികയുടെ വൈകാരികമായ ഭാവമാറ്റങ്ങളെ മനോഹരമായ പ്രകൃതിദൃശ്യങ്ങളിലൂടെ വെളിവാക്കുന്ന ഷാജിയുടെ ഛായാഗ്രഹണം ഏറെ ശ്രദ്ധിക്കപ്പട്ടു. രാജീവ് താരാനാഥിന്റേതായിരുന്നു സംഗീതം. അരവിന്ദനു മികച്ച സംവിധാനത്തിനുള്ള ദേശീയ അവാര്‍ഡു സമ്മാനിച്ചു, ‘കാഞ്ചനസീത’.

പൗരാണികതയില്‍ നിന്നും തുറന്ന ജീവിതാവസ്ഥയിലേക്കുള്ള അരവിന്ദന്റെ മടങ്ങി വരവായിരുന്നു, ‘ 78ല്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമായ
‘തമ്പ്’. എങ്ങുനിന്നോ എത്തി തിരുനാവായ മണല്‍പ്പുറത്ത് തമ്പടിക്കുന്ന ഒരു ദാരിദ്യ്രം പിടിച്ച സര്‍ക്കസ് സംഘവും ആ ഗ്രാമത്തിലെ ചില ജീവിത ചിത്രങ്ങളും ഇഴചേര്‍ത്തുണ്ടാക്കിയ തമ്പില്‍ ഗോപി കര്‍ക്കശക്കാരനായ സര്‍ക്കസ് മാനേജരും നെടുമുടി വേണു സദാ ആല്‍ത്തറയിലിരിക്കുന്ന അശാന്തനായ യുവാവുമായി. ജനറല്‍ പിക്‌ചേഴ്‌സ് രവി നിര്‍മിച്ച ചിത്രത്തിന്റെ സംഗീതം എംജി രാധാകൃഷ്ണനായിരുന്നു. ഉഷാ രവി പാടിയ ‘കാനന പെണ്ണ് ചെമ്പരത്തീ…’ എന്ന ഗാനത്തിന് ഇന്നും ശ്രോതാക്കളുണ്ട് . നടീനടന്‍മാരെ അവരറിയാതെയും വസ്തുക്കളെ അവയുടെ സ്വാഭാവികതയോടെയും ദൃശ്യവല്‍ക്കരിക്കുന്ന ഛായാഗ്രഹണ രീതിയായ കാന്‍ഡിഡ് ഫോട്ടോഗ്രാഫിയുടെ സാധ്യതകള്‍ നന്നായി ഫലപ്പെടുത്തിയ ആദ്യ മലയാള സിനിമയാണ് തമ്പ്.

1979ലാണ് സാങ്കല്‍പിക കഥാപാത്രമായ ‘കുമ്മാട്ടി’യുമായി അരവിന്ദന്‍ വീണ്ടുമെത്തുന്നത്. കാവാലത്തിന്റെ കഥയും ഗാനങ്ങളും. മഴ കഴിഞ്ഞുള്ള വേനല്‍ താണ്ടി വരുന്ന കുമ്മാട്ടി ഗ്രാമത്തിലെ കുട്ടികളുമായുള്ള കളിക്കിടയില്‍ അവരെ അവര്‍ക്കിഷ്ടപ്പെടുന്ന ജീവികളാക്കി മാറ്റും. കളി തീരുമ്പോള്‍ പൂര്‍വരൂപം കൊടുക്കുകയും ചെയ്യും. ഇത്തവണ ചിണ്ടന്‍ എന്ന കുട്ടിയെ നായയാക്കി മാറ്റിയിട്ട് പോകുന്ന പോക്കില്‍ അവനു രൂപം തിരികെ കൊടുക്കാന്‍ കുമ്മാട്ടി മറന്നു. തുടര്‍ന്ന് നായയുടെ രൂപത്തില്‍ ചങ്ങലയിലും അല്ലാതെയുമായി പലതും സഹിക്കേണ്ടി വന്ന ചിണ്ടന് കുമ്മാട്ടിയുടെ രണ്ടാം വരവില്‍ പൂര്‍വ രൂപം നേടാനാകുന്നു. ശേഷം താന്‍ കൂട്ടിലിട്ടു വളര്‍ത്തിയിരുന്ന തത്തയെ ചിണ്ടന്‍ കൂടു തുറന്ന് ആകാശവിതാനങ്ങളിലേക്കു വിടുന്നിടത്ത് പൂര്‍ത്തിയാകുന്ന ‘കുമ്മാട്ടി’ 1979ല്‍ മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന ബഹുമതി നേടി. കുമ്മാട്ടി എന്ന മിത്തിക്കലായ കഥാപാത്രത്തിലൂടെ തടവില്‍ കിടക്കുന്ന ജീവന്റെ വിലയെന്തെന്ന് നമ്മെ അതീവ ലാളിത്യമാര്‍ന്ന ദൃശ്യവിവരണത്തിലൂടെ ബോധ്യപ്പെടുത്തുന്ന ‘കുമ്മാട്ടി’ യെ കേവലം ബാലചിത്രമായി കണ്ട അവാര്‍ഡു കമ്മറ്റിയെ ‘നമിക്കാം’.

തുടര്‍ന്നാണ് 1980ല്‍ ‘എസ്തപ്പാ’െന്റ വരവ്. അരവിന്ദന്റെ അഞ്ചാമത് ചിത്രം. സാഹിത്യകാരന്‍ കാക്കനാടന്റെ ഇളയ സഹോദരനും സഞ്ചാരിയും സഞ്ചാര സാഹിത്യകാരനുമായിരുന്ന രാജന്‍ കാക്കനാടനായിരുന്നു എസ്തപ്പാനായി വേഷമിട്ടത്. ഒരു കടലോര ഗ്രാമജീവിതത്തിനിടയിലേക്കു വന്നു പോകുന്ന എസ്തപ്പാന്‍ എന്ന ആദിയോ അന്തമോ ഇല്ലാത്ത കഥാപാത്രം ഗ്രാമത്തിലെ പല പല ആളുകളുടെ വിവരണത്തിലൂടെ മാത്രം അവതരിപ്പിക്കപ്പെടുന്ന ഒരു കൊളാഷ് രീതിയാണ് അരവിന്ദന്‍ ഈ ചിത്രത്തില്‍ സ്വീകരിച്ചത്. വ്യത്യസ്തമായ വിരുദ്ധമായ അനുഭവ വിവരണങ്ങളിലൂടെ എസ്തപ്പാന്‍ ഒരേ സമയം ഒരു അയഥാര്‍ഥ, അതീത കഥാപാത്രമായി വളരുന്നു. നിശ്ശബ്ദമായ ഒരു ആക്ഷേപഹാസ്യ ധാരയും ചിത്രത്തിനുള്ളില്‍ അരവിന്ദന്‍ അടക്കം ചെയ്തിട്ടുണ്ട്. ഷാജിയുടെ മികച്ച ഛായാഗ്രഹണവും അരവിന്ദന്റെ സംവിധാനവും എസ്തപ്പാന് സംസ്ഥാന ബഹുമതികള്‍ നേടിക്കൊടുത്തു. അരവിന്ദന് ഏറ്റവും പ്രീയപ്പെട്ട സിനിമയായിരുന്നത്രെ, എസ്തപ്പാന്‍.

1981ല്‍ ഇറങ്ങിയ അരവിന്ദന്‍ ചിത്രമായ പോക്കുവെയിലിന് ചില സവിശേഷതകളുണ്ടായിരുന്നു. നായക വേഷത്തില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. പുറമേ രണ്ട് അതിപ്രശസ്ത സംഗീത പ്രതിഭകളുടെ സംഗമവും. ഹരിപ്രസാദ് ചൗരസ്യയുടെ ഓടക്കുഴല്‍ വാദനവും, രാജീവ് താരാനാഥിന്റെ സരോദ് വായനയും ഒറ്റയ്ക്കും ഇഴകലര്‍ന്നും നീങ്ങുന്നതിലൂടെ ഒരു കാമ്പസ് പ്രണയകഥ തെളിഞ്ഞ് മറയുന്നു. ഹിന്ദുസ്ഥാനീ സംഗീതത്തെ കഥാഗതിയുമായി ചേര്‍ത്ത് അവതരിപ്പിക്കുകയായിരുന്നു പോക്കുവെയിലില്‍. ഇതിനായി ചിത്രത്തിന്റെ തിരക്കഥ പോലും ആവും മുമ്പു തന്നെ ഒരു സിനിമയുടെ ശരാശരി സമയ ദൈര്‍ഘ്യത്തില്‍ ചൗരസ്യയുടെ ഓടക്കുഴല്‍ നാദവും താരാനാഥിന്റെ സരോദും ഫിലിമിന്റെ സൗണ്ട് ട്രാക്കില്‍ ആദ്യം റക്കോഡുചെയ്തു. ശേഷം അതിനൊപ്പം കഥയ്ക്കാവശ്യമായ ദൃശ്യങ്ങള്‍ ഷൂട്ടു ചെയ്ത് ഫിലിമിലാക്കി. ഒരു പക്ഷേ, ലോക സിനിമയില്‍ തന്നെ ആദ്യത്തേകാം ഇങ്ങനെ പശ്ചാത്തലസംഗീതം ആദ്യം ഫിലിമിലാക്കിയുള്ള പരീക്ഷണം. അതുകൊണ്ടു തന്നെ ഷൂട്ടു ചെയ്ത രംഗങ്ങള്‍ക്ക് അതാതു സന്ദര്‍ഭത്തിലെ സംഗീതത്തിനൊപ്പം എത്താനാവും വിധം ദൈര്‍ഘ്യമില്ലാതെ വന്നു. കൂടുതലുള്ള സംഗീതം അരവിന്ദന്‍ ഒരിക്കലും കട്ടു ചെയ്തു നീക്കുമായിരുന്നില്ല. സംഗീതം ദൃശ്യവത്ക്കരിക്കുകയായിരുന്നല്ലോ ലക്ഷ്യം. പകരം അത്രയും ഭാഗം ദൃശ്യം വേഗത കറച്ച് വിട്ടു കൊണ്ടിരുന്നു. അതിനെ ചൊല്ലി കേട്ട ഒരു തമാശ ഇങ്ങനെ: ചിത്രത്തില്‍ നായകനായ ബാലചന്ദ്രന്‍ ചുള്ളിക്കാട് നടന്നിട്ടും നടന്നിട്ടും നടന്നെത്താത്ത പോലെ അനുഭവപ്പെടുന്നൊരു രംഗമുണ്ട്. ഒരു നിരൂപകന്‍ അതില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ വര്‍ത്തമാനകാല നിശ്ചലതയോ അതിലും വലുതോ ആയ അതീതതലങ്ങള്‍ ഒക്കെ ആരോപിച്ചു. പിന്നിട് ഒരു സ്വകാര്യ കൂടിക്കാഴ്ചയില്‍ അരവിന്ദന്‍ അതിനു പിന്നിലെ വാസ്തവം പറഞ്ഞു. ‘ഷൂട്ടു ചെയ്ത സീന്‍ നേരത്തേ റക്കോഡു ചെയ്തിരുന്ന സൗണ്ട് ട്രാക്കിനൊപ്പം തികയാതെ വന്നപ്പോള്‍ അത് അതേ പടി ആ ഭാഗത്തെ സംഗീതം തീരും വരെ ആവര്‍ത്തിച്ചു എന്നേയുള്ളു. ‘ സംഗീതത്തിനൊപ്പം ദൃശ്യങ്ങള്‍ ചേര്‍ത്തുള്ള ഒരു സിനിമ എന്ന തന്റെ ലക്ഷ്യത്തില്‍ നിന്നും തെല്ലും വിട്ടു മാറാന്‍ അരവിന്ദന്‍ ഒരുക്കമല്ലായിരുന്നു എന്നു സാരം.

ഏഴാമത്തെ സിനിമയായ ‘ചിദംബരം’ അപൂര്‍വമായ ഒരു ദൃശ്യാനുഭവമായി. മാട്ടുപ്പെട്ടിയുടെ മനോഹരമായ പശ്ചാത്തലം. അനശ്വര നടി സ്മിതാ പാട്ടീലിന്റെയും ഭരത് ഗോപിയുടെയും ശ്രീനിവാസന്റെയും മാസ്്മരമായ അഭിനയം. സി. വി. ശ്രീരാമന്റെ കഥയ്ക്ക്് അരവിന്ദന്‍ തന്നെയാണ് തിരക്കഥയൊരുക്കിയത്. പാപവും പാപബോധം കൊണ്ടുള്ള പിടച്ചിലും അതില്‍ നിന്നും ശാന്തി തേടിയുള്ള അലച്ചിലും ഒടുവിലുള്ള വിശ്രാന്തിയും പ്രമേയമാക്കിയുള്ള ‘ചിദംബരം’ അരവിന്ദന്റെ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തു വി്ട്ടു നില്‍ക്കുന്നൊരു ചലച്ചിത്രാനുഭൂതിയാണ്.

തുടര്‍ന്ന് 86ല്‍ ഒരിടത്ത്, 88ല്‍ മാറാട്ടം, ഉണ്ണി, 91ല്‍ അവസാനമായി സംവിധാനം ചെയ്ത വാസ്തുഹാര വരെയുള്ള ചിത്രങ്ങളില്‍ ‘ഒരിടത്തു’ം ‘വാസ്തുഹാര’യുമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. സി.വി. ശ്രീരാമന്റെ തന്നെ കഥയുടെ ആവിഷ്‌കാരമായിരുന്നു വാസ്തുഹാര.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വാസ്തുഹാര അഭയാന്വേഷികളായ ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുമ്പോള്‍ ‘ഒരിടത്ത് ‘ ഒരു കുഗ്രാമത്തിലേക്കു വൈദ്യുതി വരുന്നതിന്റെ രസാവഹമായ ചിത്രമെഴുതുന്നു. ദൃശ്യവല്‍ക്കരണത്തില്‍ അരവിന്ദന്റെ തന്നെ മുന്‍ചിത്രങ്ങളില്‍ നിന്നു എല്ലാം കൊണ്ടും വേറിട്ടു നില്‍ക്കുന്നു ‘ഒരി’.

ഗ്രാമത്തില്‍ വൈദ്യുതി വന്ന ശേഷം ആര്‍ക്കും വേണ്ടാതായ എണ്ണ വിളക്കുകാല്‍ ഒരു ശവശരീരത്തെ എന്നോണം ചുമന്നു കൊണ്ടു പോകുന്നതും അവസാനത്തെ ദുരന്തത്തിനു ശേഷം വെടിക്കെട്ടില്‍ ആകാശത്തു നിന്നും പറന്നിറങ്ങി നില്‍ക്കുന്ന കബന്ധത്തിന്റെ നോക്കുകുത്തിയും ഒക്കെ അരവിന്ദന്‍ ഒരുക്കുന്ന വാചാലമായ ദൃശ്യബിംബങ്ങളാണ്.സിനിമകള്‍ കൂടാതെ ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്ററികളും ഷോര്‍ട് ഫിലിമുകളും അരവിന്ദന്റെ സംഭാവനകളില്‍ പെടുന്നു.

സംഗീത ജ്ഞാനമുള്ള അപൂര്‍വം സംവിധായകരില്‍ ഒരാളായിരുന്ന അരവിന്ദന്‍ പവിത്രന്റെ ആരോ ഒരാള്‍, രവീന്ദ്രന്റെ ഒരേ തൂവല്‍ പക്ഷികള്‍, ഷാജിയുടെ പിറവി, എസ്തപ്പാന്‍ എന്നീ ചിത്രങ്ങള്‍ക്ക് സംവിധാനം നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥം കോഴിക്കോട്ടു വന്ന കാലത്ത് അരവിന്ദന്‍ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചിരുന്നു. പൂമുള്ളി മനയ്ക്കല്‍ സംഗീതം അഭ്യസിപ്പിക്കാന്‍ മഹാരാഷ്ട്രയിലെ ഹിന്ദുസ്ഥാനീ സംഗീത ലോകത്തു നിന്നു വന്ന് പില്‍ക്കാലത്ത് കോഴിക്കോട്ടും കൊച്ചിയിലും ഒട്ടേറെ ശിഷ്യരെ സമ്പാദിച്ച ശരച്ചന്ദ്രമറാട്ടെയായിരുന്നു അരവിന്ദന്റെ ഗുരു. ഉച്ചശ്രൂതിയിലേക്ക് തന്റെ മന്ത്രമസൃണമായ ശബ്ദം ഉയര്‍ത്തുന്നതിലുള്ള പരിമിതിയോര്‍ത്തിട്ടോ എന്തോ പൊതു വേദികളില്‍ പാടാന്‍ അരവിന്ദന്‍ പക്ഷേ വിമുഖനായിരുന്നു.
കാവാലത്തിന്റെ ‘തിരുവരങ്ങു’മായി ചേര്‍ന്നുള്ള നാടക പ്രവര്‍ത്തനങ്ങള്‍ അരവിന്ദന് ഉള്ളിലെ സിനിമാ സങ്കല്‍പ്പം കൂടുതല്‍ മൂര്‍ത്തമാക്കാന്‍ സാധിച്ചു. ‘അവനവന്‍ കടമ്പ’ പോലുള്ള കാവാലം നാടകങ്ങളില്‍ സജീവമായി സഹകരിച്ചിരുന്നുവെങ്കിലും സി.എന്‍ ശ്രീകണ്ഠന്‍ നായരുടെ ‘കലി’ എന്ന നാടകത്തിന്റെ സംവിധാനത്തോടെ അദ്ദേഹം നാടകം വിട്ടു. ആ കര്‍മം തനിക്കു വശമില്ലെന്നു മനസ്സിലാക്കുകയും ഒരു അഭിമുഖത്തില്‍ അതു തുറന്നു പറയുകയും ചെയ്തു.

ഒന്നൊന്നിനു വ്യത്യസ്തമായ സിനിമകളിലൂടെ അരവിന്ദന്‍ അവസാന ചിത്രമായ ‘വാസ്തുഹാര’ വരെ നടന്നെത്തി. ആ വ്യക്തിത്വത്തിന്റെ സവിശേഷതകളായ പതിഞ്ഞ സംസാരവും, ശാന്തതയും ഉള്‍ചേര്‍ന്നതായിരുന്നു ഒരോ സിനിമയിലെയും ഫ്രയിമുകള്‍. അതിലൊക്കെയും ഉള്ളിലെ ചിത്രകലയും സംഗീതബോധവും ദൃശ്യഭാവനയും സമന്വയിച്ചു. അവയ്‌ക്കെല്ലാം തന്നെ ദാര്‍ശനികതയുടെ അപാര തലങ്ങള്‍ പശ്ചാത്തലമായുണ്ട്. ഇതിനൊക്കെ അതീതമായി പറയേണ്ട ഒന്നുണ്ട്.
ആത്മീയതയെ സെല്ലുലോയ്ഡിലേക്ക് ആവാഹിച്ച, ലോകസിനിമയില്‍ തന്നെ അപൂര്‍വത്തില്‍ അപൂര്‍വമായ സംവിധാന പ്രതിഭ- ആത്യന്തികമായി അതായിരുന്നു ജി. അരവിന്ദന്‍.

(അവലംബം- ജോണ്‍പോള്‍, സി.ടി. തങ്കച്ചന്‍, സുധീര്‍ ഷാ)