'ഇത് ധീരമായ ചുവടുവെപ്പ്', അഭ്യൂഹങ്ങള്‍ അല്ല, സംഗതി സീരിയസ് ആണ്..; രാജ് നിദിമോരുവിനൊപ്പം സാമന്ത, പോസ്റ്റ് ചര്‍ച്ചയാകുന്നു

വെറും അഭ്യൂഹമല്ല, തങ്ങളുടെ ബന്ധം സീരിയസ് ആണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുമായി നടി സാമന്തയും സംവിധായകന്‍ രാജ് നിദിമോരുവും. സാമന്ത പോസ്റ്റ് ചെയ്ത കുറിപ്പും അതിനൊപ്പം ചേര്‍ത്ത ചിത്രങ്ങളില്‍ ഒരെണ്ണം ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഈ വര്‍ഷം ജീവിതത്തില്‍ നടത്തിയ ധീരമായ ചുവടുവെപ്പുകളെ കുറിച്ചാണ് സാമന്തയുടെ പോസ്റ്റ്.

ഇതിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ഒന്നത് രാജിനൊപ്പമുള്ളതാണ്. താന്‍ ആരംഭിച്ച പെര്‍ഫ്യൂം ബ്രാന്‍ഡിന്റെ ലോഞ്ച് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് സാമന്ത പങ്കുവച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ ഏറ്റെടുത്ത വെല്ലുവിളികളെ കുറിച്ചും ചെറിയ വിജയങ്ങള്‍ ആഘോഷിക്കുന്നതിനെ കുറിച്ചും സാമന്ത കുറിച്ചിട്ടുണ്ട്.

”ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കഴിഞ്ഞ ഒന്നര വര്‍ഷമായി, എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുകളാണ് ഞാന്‍ എടുത്തത്. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു, ഉള്‍പ്രേരണയെ വിശ്വസിക്കുന്നു, മുന്നോട്ട് പോകുമ്പോള്‍ പഠിക്കുകയും ചെയ്യുന്നു. ഇന്ന്, ഞാന്‍ ചെറിയ വിജയങ്ങള്‍ ആഘോഷിക്കുകയാണ്.”

”ഞാന്‍ കണ്ടുമുട്ടിയതില്‍ വച്ച് ഏറ്റവും മിടുക്കരും കഠിനാധ്വാനികളും ആത്മാര്‍ത്ഥതയുള്ളവരുമായ ചില ആളുകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഒരുപാട് നന്ദിയുള്ളവളാണ്. വലിയ വിശ്വാസത്തോടെ, ഇത് ഒരു തുടക്കം മാത്രമാണെന്ന് എനിക്കറിയാം” എന്നാണ് സാമന്തയുടെ കുറിപ്പ്. ഇതിനൊപ്പം ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും സാമന്ത പങ്കുവച്ചിട്ടുണ്ട്.

രാജ് നിദിമോരുവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് സാമന്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ ബന്ധം ഇരുവരും പരോക്ഷമായി അറിയിച്ചതാണോ എന്നാണ് പലരുടെയും ചോദ്യം. അതേസമയം, ഒരു വര്‍ഷത്തിലേറെയായി സാമന്തയും രാജും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

രാജും സാമന്തയും ‘ദ ഫാമിലി മാന്‍ 2’ എന്ന സീരീസില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇരുവരും ഒരുമിച്ച് തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതും ചര്‍ച്ചയായിരുന്നു. ഇതിനിടെ രാജ് നിധിമോറിന്റെ ഭാര്യ ശ്യാമിലി ഡേ പങ്കുവച്ച കുറിപ്പും ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. 2015ല്‍ ആണ് രാജ് നിധിമോറും ശ്യാമലിയും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്.

Read more