തിരക്കഥ മോഷണം പോയി, ധര്‍മ്മജന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങി, മോഷ്ടാക്കള്‍ പിടിയില്‍

സിനിമാ ചിത്രീകരണത്തിനായി എത്തിയ സംഘം താമസിച്ച ലോഡ്ജില്‍ നിന്ന് തിരക്കഥയുള്‍പ്പെടെ മോഷ്ടിച്ച രണ്ടു യുവാക്കളെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

വെങ്ങളം ബൈപാസ് റോഡിലെ കൈരളി ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ താമസിച്ച മുറിയില്‍നിന്നു ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ മോഷ്ടിച്ച കേസില്‍ ആഷിക് (26), നിഷാദ് (23) എന്നിവരാണ് അറസ്റ്റിലായത്. അതേസമയം ധര്‍മ്മജന്‍, ബിജുകുട്ടന്‍, രാഹുല്‍ മാധവ് തുടങ്ങിയവര്‍ വേഷമിടുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കഥയില്ലാത്തതിനാല്‍ താല്‍കാലികമായി മുടങ്ങി.

സംവിധായകന്‍ ചേവായൂര്‍ ബിനീഷ്, അസി. ഡയറക്ടര്‍ ഉണ്ണി സത്യന്‍ എന്നിവരും മറ്റു സിനിമാ പ്രവര്‍ത്തകരും താമസിച്ച മുറിയില്‍നിന്നു രണ്ടു ദിവസം മുന്‍പായിരുന്നു മോഷണം.

തിരക്കഥ സംബന്ധിച്ച ചര്‍ച്ച പുലര്‍ച്ചെ വരെ നീണ്ടപ്പോള്‍ മുറി അകത്തുനിന്നു പൂട്ടാതെയായിരുന്നു ഇവര്‍ കിടന്നത്. മുറിയില്‍ കണ്ട ഇവരുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ അടിച്ചുമാറ്റിയ മോഷ്ടാക്കള്‍ തിരക്കഥയും കൊണ്ടുപോയി.