മദ്യപിച്ച് ജയം രവിയുടെ ഭാര്യയോട് വഴക്കിടുന്ന ധനുഷ്; വൈറലായി വീഡിയോ, എന്നാല്‍ സത്യാവസ്ഥ ഇങ്ങനെ

നടന്‍ ധനുഷ് ജയം രവിയുടെ ഭാര്യയോട് വഴക്കിടുന്നു എന്ന കുറിപ്പോടെ എത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ജയം രവിയുടെ ഭാര്യ ആര്‍തിയോട് മദ്യപിച്ച് തട്ടിക്കയറുന്ന ധനുഷ് എന്ന പ്രചാരണങ്ങളോടെയാണ് വീഡിയോ വൈറലാകുന്നത്.

വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജയം രവിയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍. ധനുഷ് മദ്യപിച്ച് വഴക്കിടുന്ന വീഡിയോയല്ല ഇത്. 2015-ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിലെ ഒരു വീഡിയോ ആണിത്.

ജയം രവി നായകനായും അരവിന്ദ് സ്വാമി വില്ലനുമായെത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. സിനിമയുടെ വിജയാഘോഷത്തില്‍ ധനുഷ്, ഐശ്വര്യ രജനികാന്ത്, തൃഷ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ധനുഷും ആരതിയും വഴക്കിടുകയായിരുന്നില്ല.

അതൊരു വ്യാജ പ്രചാരണം മാത്രമാണ്. ധനുഷിന്റെയും ജയം രവിയുടെ കുടുംബങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ് എന്നാണ് ജയം രവിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഒരു തമിഴ് മാധ്യമത്തോട് പ്രതികരിച്ചത്.