ദര്‍ബാര്‍ പോസ്റ്റര്‍ വിവാദം; ഒരു പോലെ തോന്നിക്കാന്‍ ചിലര്‍ പോസ്റ്ററിന്റെ കളര്‍ ടോണ്‍ മാറ്റിയതാണെന്ന് ഡിസൈനര്‍, പറ്റിക്കാന്‍ നോക്കേണ്ട കോപ്പി തന്നെയെന്ന് വിമര്‍ശകര്‍

രജനിചിത്രം ദര്‍ബാറിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വിവാദം കൊടുമ്പിരി കൊള്ളുകയാണ്. പോസ്റ്റര്‍ റിലീസ് ചെയ്ത അന്നു മുതല്‍ ഷ്വാസ്‌നെഗര്‍ ചിത്രം കില്ലിംഗ് ഗണ്‍തറിന്റെ പോസ്റ്ററുമായുള്ള സാമ്യം ചര്‍ച്ചാവിഷയമായിരുന്നു. 2017ലിറങ്ങിയ ഈ ഹോളിവുഡ് ചിത്രത്തിന്റെ പോസ്റ്റര്‍ അതുപോലെ തന്നെ ഡിസൈനര്‍ പകര്‍ത്തിവെച്ചു എന്നുള്ള ആരോപണങ്ങള്‍ ട്വിറ്ററില്‍ നിറഞ്ഞു.

ആരോപണങ്ങള്‍ക്ക് ഡിസൈനര്‍ വിന്‍സി രാജ് നല്‍കിയ മറുപടി വിമര്‍ശകരെ ചൊടിപ്പിച്ചിരിക്കുകയാണ്. വളരെ സത്യസന്ധമായാണ് താന്‍ പോസ്റ്റര്‍ ചെയ്തതെന്നും, ആരുടെയും കോപ്പിയല്ലെന്നും പറഞ്ഞ അദ്ദേഹം ഒരു പോലെ തോന്നിക്കുന്നതിനായി ചിലര്‍ തന്റെ പോസ്റ്ററിന്റെ കളര്‍ ടോണ്‍ മാറ്റിയെന്നും പറഞ്ഞു. കളര്‍ ടോണ്‍ മാറ്റിയാല്‍ പോസ്റ്റര്‍ ഒരു പോലെയാകുന്നത് എങ്ങനെയാണെന്ന് ഡിസൈനര്‍ പറയണമെന്നും തങ്ങളെ പരിഹസിക്കുന്നത് പോലെയാണ് വിന്‍സി സംസാരിക്കുന്നതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

രജനീകാന്തും നയന്‍താരയും ഒരുമിച്ചു വരുന്ന നാലാം ചിത്രം കൂടിയാണ് ദര്‍ബാര്‍. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്.’സര്‍ക്കാറി’നു ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന് ചിത്രം കൂടിയാണ് ‘ദര്‍ബാര്‍’. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിര്‍മ്മാതാക്കളും ലൈക പ്രൊഡക്ഷന്‍സ് ആയിരുന്നു.മുരുഗദോസിന്റെ ‘കത്തി’ (2014) എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് നിര്‍മ്മാണരംഗത്തേക്ക് കടന്നുവന്ന ലൈക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസുമായി കൈകോര്‍ക്കുകയാണ്.എസ് ജെ സൂര്യയും ചിത്രത്തിലുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിലെ താരങ്ങളെ കുറിച്ച് പുറത്തുവരുന്ന തെറ്റായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കരുതെന്ന് രജനീകാന്തുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു.